അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പിന് ഫീസ് കുറയ്ക്കണമെന്ന് വ്യാപാരികൾ
1490678
Sunday, December 29, 2024 4:02 AM IST
തൊടുപുഴ: അളവു തൂക്ക ഉപകരണങ്ങൾ മുദ്രവച്ചു നൽകുന്നതിന്റ പേരിൽ ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് ചെറുകിട വ്യാപാരികൾ. വർഷത്തിൽ ഒരുതവണ നിശ്ചിത ഫീസ് സർക്കാരിലേക്ക് അടച്ച് അളവുതൂക്ക ഉപകരണങ്ങൾ പരിശോധിച്ച് ഇതിന്റ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കണമെന്നാണ് നിബന്ധന.
ഇതിനായി ചില സ്വകാര്യ ഏജൻസികളെയാണ് ലീഗൽ മെട്രോളജി വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ ഓരോ പ്രദേശങ്ങളും തെരഞ്ഞെടുത്ത് അവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തി അളവുതൂക്ക ഉപകരണങ്ങൾ പരിശോധിച്ച് ഇതിന്റ കൃത്യത ഉറപ്പാക്കി മുദ്രവച്ചു നൽകും. ഇവർക്കൊപ്പം ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും ഉണ്ടാകും.
ഒരുദിവസം അന്പതു മുതൽ നൂറു വ്യാപാര സ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങൾ ഇത്തരം ഏജൻസികൾ പരിശോധിച്ച് ഉപകരണങ്ങൾ സീൽ ചെയ്തു നൽകും ഇതിനായി ഒരു വ്യാപാരിയിൽനിന്ന് ആയിരം മുതൽ 1500 വരെ രൂപ വരെയാണ് ഈടാക്കുന്നത്.
ചെറുകിട കച്ചവടക്കാർക്ക് ഇത് വലിയ സാന്പത്തിക ബുദ്ധിമുട്ടിനു കാരണമാകുന്നതായി ഇവർ പറയുന്നു. ഏജൻസികളാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്യുന്നതായും വ്യാപാരികൾ പറയുന്നു.
എന്നാൽ കടകളിൽചെന്ന് ഉപകരണങ്ങൾ മുദ്രവച്ചു നൽകുന്പോൾ ഈടാക്കുന്ന സർവീസ് ചാർജിന്റ കാര്യത്തിൽ നയന്ത്രണം ഏർപ്പെടുത്താൻ ലീഗൽ മെട്രോളജി വകുപ്പിന് കഴിയില്ലെന്നും ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവുകൾ ഒന്നും നിലവിൽ ഇല്ലെന്നും ലീഗൽ മെട്രോളജി ജില്ലാ ഉദ്യോഗസ്ഥർ പറഞ്ഞു.