ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് ഏലക്ക മോഷ്ടിച്ച മൂന്നു പേർ പിടിയിൽ
1490674
Sunday, December 29, 2024 4:02 AM IST
കുമളി: വണ്ടൻമേട്ടിൽനിന്ന് ഏലക്ക കയറ്റിവരികയായിരുന്ന ലോറിയിൽനിന്ന് ഏലക്ക മോഷണം നടത്തിയ മൂവർ സംഘം പോലീസ് പിടിയിൽ. മധുര സ്വദേശികളും നിരവധി മോഷണക്കേസുകളിൽ പ്രതികളുമായ ജയകുമാർ, പ്രസാദ്, കനകരാജ് എന്നിവരാണ് കുമളി പോലീസിന്റ പിടിയിലായത്.
ലോറിക്ക് മുകളിൽ കയറിയ മോഷ്ടാക്കളിൽ ഒരാൾ ലോറിയിൽനിന്ന് ഏലക്ക ചാക്കുകൾ പുറത്തേക്കിടും. ലോറിയെ വാനുമായി പിന്തുടരുന്ന കൂട്ടു മോഷ്ടാക്കൾ വാനിലേക്ക് ഏലക്ക കയറ്റുന്നതായിരുന്നു മോഷണ രീതി. കുമളി ആറാം മൈലിനും മൂന്നാംമൈലിനും ഇടയിലാണ് മോഷണം നടത്തിയത്. മുന്നിലും പിന്നിലുമായാണ് ഏലക്ക ലോറികൾ പോയത്.
മുന്നിൽ പോകുന്ന ലോറിയിൽനിന്ന് മോഷ്ടാവ് ഏലക്കാ ചാക്കുകൾ റോഡിലേക്ക് തളളുന്നത് പിന്നിലുള്ള ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയും വെളിച്ചമുള്ള സ്ഥലം നോക്കി ഡ്രൈവർ ലോറി നിർത്തി വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.
ലോറിയിൽനിന്ന് മോഷ്ടാവ് ഇറങ്ങി ഓടുകയും തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ മധുര സ്വദേശികളായ മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.