മാങ്കുളത്ത് വാഹനാപകടം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
1490671
Sunday, December 29, 2024 4:02 AM IST
അടിമാലി: മാങ്കുളത്തുണ്ടായ വാഹനാപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ആസാം സ്വദേശി ജയ്ഗോപാൽ മണ്ഡല് (31) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മാങ്കുളം - ആനക്കുളം റോഡില്‍ ബൈസണ്‍വാലി കയറ്റത്തിലാണ് അപകടം ഉണ്ടായത്. റോഡില്‍ സുരക്ഷാവേലി സ്ഥാപിക്കുന്നതിനായുള്ള നിര്‍മാണ സാമഗ്രികളുമായിവന്ന മിനിലോറിയിലുണ്ടായിരുന്ന തൊഴിലാളിയാണ് മരിച്ചത്.
കൊടും വളവുകളും കുത്തനെയുള്ള കയറ്റവും നിറഞ്ഞ ഭാഗമാണിവിടം. കയറ്റത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നിലേക്ക് ഉരുണ്ട് തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിലിടിക്കുകയുമായിരുന്നു.
മാങ്കുളം ടൗണിൽനിന്ന് ഇറക്കം ഇറങ്ങി വരുന്പോൾ റോഡുവശത്തെ ഓടയിൽ വീണുപോയ കാറിന്റെ പിന്നിലാണ് ലോറി പിന്നോട്ടുരുണ്ടുവന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയും കാറും സമീപത്തെ കൃഷിസ്ഥലത്തേക്കു മറിഞ്ഞു. മറിഞ്ഞ ലോറിയുടെ അടയിൽപ്പെട്ടയാളാണ് മരിച്ചത്. ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരു അന്യസംസ്ഥാന തൊഴിലാളിക്കും കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.
പ്രദേശവാസികള്‍ ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ലോറി ഉയര്‍ത്തിയാണ് ജയ്ഗോപാലിനെ പുറത്തെടുത്ത്. അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ തമിഴ്നാട് ചെന്നൈ സ്വദേശികളായ ഭാനു(36), വിജയശാന്തി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. മരിച്ച തൊഴിലാളിയുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടങ്ങള്‍ ഒഴിയാതെ ബൈസണ്‍വാലി വളവ്
അടിമാലി: മാങ്കുളം - ആനക്കുളം റോഡില്‍ ഏറ്റവും അപകട സാധ്യതയുള്ള രണ്ടിടങ്ങളില്‍ ഒന്നാണ് മാങ്കുളം റേഷന്‍കട സിറ്റിക്ക് സമീപമുള്ള ബൈസണ്‍വാലി വളവ്. കൊടും കയറ്റവും തുടരെത്തുടരെ വളവുകളുമുള്ള പ്രദേശമാണിവിടം. അടുത്തനാളിൽ ഇവിടെ വാഹനാപകടങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞു.
കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞതുള്‍പ്പെടെ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇന്നലെ ഭാരം കയറ്റി വന്ന മിനി ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പിറകോട്ട് ഉരുണ്ട് കാറിലിടിച്ചുണ്ടായ അപകടമാണ് ഒടുവില്‍ സംഭവിച്ചത്. മുമ്പ് ഇതേ റോഡില്‍ പേമരം വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയും മരണങ്ങള് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ജനകീയ പ്രതിഷേധമുയര്‍ന്നതോടെ ഈ ഭാഗത്തെ കൊടും വളവ് നിവര്‍ത്തുകയും ഫലപ്രദമായ അപകട സൂചന സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതോടെ പേമരം വളവില്‍ അപകടങ്ങള്‍ കുറഞ്ഞു. വിനോദ സഞ്ചാര സീസണാരംഭിച്ചതോടെ മാങ്കുളത്തേക്കും ആനക്കുളത്തേക്കും വിനോദ സഞ്ചാര വാഹനങ്ങള്‍ ധാരാളമായി എത്തുന്നുണ്ട്.
ആദ്യമായി ഇതുവഴിയെത്തുന്ന വാഹനയാത്രികര്‍ക്ക് റോഡിന്റെ ദിശയും തുടരെത്തുടരെയുള്ള വളവുകളെ സംബന്ധിച്ചും എളുപ്പത്തില്‍ ധാരണ ലഭിക്കില്ല. കയറ്റം കയറുമ്പോള്‍ വാഹനം വഴിമധ്യേ നിന്നുപോയി പിറകോട്ട് ഉരുളുന്നതും ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമാകുന്നതുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.
പ്രദേശത്തെ അപകട സാധ്യത തിരിച്ചറിയാന്‍ സഹായിക്കും വിധം ഇറക്കമാരംഭിക്കുന്നിടത്തും കയറ്റം തുടങ്ങുന്നിടത്തും കൂടുതല്‍ ഫലപ്രദമായ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്നാണ് ആവശ്യം. റേഷന്‍ കട സിറ്റി കഴിഞ്ഞാലുടന്‍ റോഡില്‍ വേഗനിയന്ത്രണ സംവിധാനമൊരുക്കുന്നതും അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.