ലയങ്ങളുടെ നവീകരണം : തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥൻ ഹാജരാകണം
1490356
Saturday, December 28, 2024 4:04 AM IST
ഇടുക്കി: തേയിലത്തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ തൊഴിൽ വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയിൽ തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജനുവരി 21 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് ഉത്തരവ്. പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ തകർന്ന് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കോട്ടമല, തേങ്ങാക്കൽ എസ്റ്റേറ്റുകൾക്കെതിരേയാണ് പ്രധാന പരാതി.
പൂട്ടിക്കിടക്കുന്ന എംഎംജെ പ്ലാന്റേഷന്റെ ഉടമസ്ഥതതയിലുള്ള കോട്ടമല എസ്റ്റേറ്റിലെ പല ലയങ്ങളും തകർന്നുവീഴാറായ അവസ്ഥയിലാണെന്ന് ലേബർ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലയങ്ങളുടെ നവീകരണത്തിനായി സംസ്ഥാന നിർമിതി കേന്ദ്രം തയ്യാറാക്കിയ 33,70,000 രൂപയുടെ എസ്റ്റിമേറ്റ് ലേബർ കമ്മീഷണർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2022-23, 2023-24 ബജറ്റുകളിൽ 10 കോടി വീതം ലയ നവീകരണത്തിന് അനുവദിച്ചിരുന്നതായി മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു. സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച ഫയൽ ധനവകുപ്പ് അംഗീകരിക്കുകയും 50 ലക്ഷം രൂപ കൂടി പാസാക്കി തൊഴിൽ വകുപ്പിന് കൈമാറിയതായും തനിക്ക് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായി പരാതിക്കാരൻ അറിയിച്ചു.
തൊഴിൽ വകുപ്പ് സെക്രട്ടറി ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ആരോപണങ്ങൾ ശരിയാണോ, ലയങ്ങൾ നവീകരിക്കാൻ ധനവകുപ്പ് ഫണ്ട് പാസാക്കിയോ, പാസാക്കിയെങ്കിൽ തുക വിനിയോഗിക്കാൻ കാലതാമസമെന്ത് തുടങ്ങിയ വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥൻ കമ്മീഷനെ ധരിപ്പിക്കണം.
ലേബർ കമ്മീഷണർ 2024 ജനുവരി മൂന്നിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ തൊഴിൽ പ്രിൻസിപ്പൽ സെക്രട്ടറി രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യ പ്പെട്ടു.