ക്രിസ്മസ് ആഘോഷം : ടൂറിസം കേന്ദ്രങ്ങളിൽ രണ്ടു ദിനം എത്തിയത് അരലക്ഷം പേർ
1490354
Saturday, December 28, 2024 4:04 AM IST
തൊടുപുഴ: ക്രിസ്മസ് ആഘോഷിക്കാൻ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയത് റിക്കാർഡ് സന്ദർശകർ. ക്രിസ്മസ് ദിനത്തിലും പിറ്റേന്നും വൻതോതിലുള്ള തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.
ക്രിസ്മസ് ദിനമായ ബുധനാഴ്ച 29,184 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയത്. വ്യാഴാഴ്ച 29,167 പേർ സന്ദർശനം നടത്തി. ക്രിസ്മസ് തലേന്ന് 18,263 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലുമാണ് കൂടുതൽ പേർ എത്തിയത്. ക്രിസ്മസ് ദിനത്തിൽ മൊട്ടക്കുന്നിൽ 7867 പേരും അഡ്വഞ്ചർ പാർക്കിൽ 7552 പേരും സന്ദർശനം നടത്തി. വ്യാഴാഴ്ച മൊട്ടക്കുന്നിൽ 8302 പേരും അഡ്വഞ്ചർ പാർക്കിൽ 9515 പേരും സന്ദർശനം നടത്തി.
രാമക്കൽമേട്, പാഞ്ചാലിമേട്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലും കൂടുതൽപേർ എത്തി. രാമക്കൽമേട്ടിൽ ക്രിസ്മസ് ദിനത്തിൽ 3009 പേരും പിറ്റേന്ന് 1967 പേരും സന്ദർശനം നടത്തി. പാഞ്ചാലിമേട്ടിൽ 2454, 1923 എന്നിങ്ങനെയും മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 3637, 3180 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം.
കഴിഞ്ഞ 20 മുതൽ 26 വരെ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രം 1,54,682 വിനോദ സഞ്ചാരികൾ സന്ദർശനം നടത്തി. വനം വകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി.
ക്രിസ്മസ് ആഘോഷങ്ങൾക്കായി ടൂറിസം കേന്ദ്രങ്ങൾ വൈദ്യുത ദീപങ്ങളാൽ വർണാഭമാക്കിയിരുന്നു. കാലാവസ്ഥയും അനൂകുലമായിരുന്നതിനാൽ കുടുംബ സമേതമാണ് കൂടുതൽ പേരും എത്തിയത്.
ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാർ, കാൽവരിമൗണ്ട്, പരുന്തുംപാറ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വൻ തിരക്കനുഭവപ്പെടും. പുതുവത്സരാഘോഷങ്ങൾ അതിരു വിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.