കൈക്കുളം വെള്ളച്ചാട്ടം പാലത്തിന്റെ കൈവരി തകർന്നു
1490353
Saturday, December 28, 2024 4:04 AM IST
മൂലമറ്റം: സംസ്ഥാന പാതയായ മൂലമറ്റം - വാഗമണ്‍ റോഡിലെ ഇലപ്പള്ളി കൈക്കുളം വെള്ളച്ചാട്ടത്തിലെ പാലത്തിന്റെ കൈവരി തകർന്നു. മാസങ്ങളായി പാലത്തിന്റെ കൈവരി തകർന്നു കിടന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വാഗമണ്ണിൽനിന്ന് ഇലപ്പള്ളി വഴി വരുന്പോൾ ഏത് സമയത്തും ഇവിടെ അപകടം സംഭവിക്കാം.
വാഹനം ഇടിച്ചതിനെത്തുടർന്നാണ് കൈവരി തകർന്നത്. നാട്ടുകാർ ഇവിടെ മരക്കൊന്പ് വച്ചുകെട്ടിയിരിക്കുകയാണ്. അപകടം ഉണ്ടായാൽ വാഹനങ്ങൾ തോട്ടിലേക്ക് പതിക്കാനും സാധ്യതയുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, നൂറുകണക്കിന് വിനോദ സഞ്ചാരികളുടെ വാഹനങ്ങളുമുൾപ്പെടെ സഞ്ചരിക്കുന്ന റോഡാണ് ഇത്.
ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്‍, തേക്കടി, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാവുന്ന പാതയായതുകൊണ്ട് റോഡിൽ എപ്പോഴും വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതിനാൽ അപകട സാധ്യതയും കൂടുതലാണ്. പാലത്തിനു വീതി കുറവായതിനാൽ രണ്ടു വാഹനങ്ങൾ ഒരേ സമയം കടന്നു പോകാനും ബുദ്ധിമുട്ടുണ്ട്.
കൂടാതെ വെള്ളച്ചാട്ടം കാണുന്നതിന് സഞ്ചാരികൾ ഇവിടെ തങ്ങുന്നതും തിരക്ക് വർധിപ്പിക്കും. കൈവരി ഇല്ലാത്തതിനാൽ നടന്നു പോകുന്നവരും തോട്ടിൽ വീഴാൻ സാധ്യതയുണ്ട്. പാലത്തിനു ഇരുവശത്തും കൈവരിയോ ക്രാഷ് ബാരിയറോ സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.