ഡോ. മൻമോഹൻ സിംഗിന് അനുശോചനം
1490347
Saturday, December 28, 2024 4:04 AM IST
ചെറുതോണി: മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാര ചടങ്ങുകളിൽ നേതാക്കൾ തൊടുപുഴ രാജീവ് ഭവനിൽ ഓൺലൈനായി പങ്കെടുക്കും. സംസ്കാര ചടങ്ങുകൾക്കു ശേഷം ഡിസിസിയുടെ അനുശോചന യോഗം രാജീവ് ഭവനിൽ ചേരുമെന്നു ഡിസിസി ജന. സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു. ഇന്നു വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും സർവകക്ഷി നേതാക്കൾ പങ്കെടുക്കുന്ന അനുശോചന യോഗവും ചേരും.
ഗ്രാമീണജനത എക്കാലവും ഓർമിക്കുന്ന നേതാവ്-ഡീൻ കുര്യാക്കോസ് എംപി
തൊടുപുഴ: രാജ്യത്തെ ഗ്രാമീണ ജനതയ്ക്ക് ഒരിക്കലും മറക്കാനാവാത്ത മഹാനായ നേതാവായിരുന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗെന്ന് ഡീൻ കുര്യാക്കോസ് എംപി അനുസ്മരിച്ചു. തനിക്ക് ലഭിച്ച അറിവും അനുഭവങ്ങളും കൂട്ടിച്ചേർത്ത് ഭാവി തലമുറയ്ക്കായി വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ അദ്ദേഹത്തെ രാജ്യം ഏക്കാലവും സ്മരിക്കും.
സാന്പത്തിക മേഖലയുടെ വളർച്ച ഗ്രാമീണ ഇന്ത്യക്ക് പ്രയോജനപ്പെടണം എന്ന നിലയിൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ലോകം ഇന്നുവരെ കണ്ടതിൽ ഏറ്റവും വലിയ പട്ടിണി നിർമാർജന പരിപാടിയായി മാറ്റി. അഴിമതിയെ ചെറുക്കാൻ ജനാധിപത്യ രാജ്യത്ത് നടപ്പാക്കിയ ഏറ്റവും ഫലപ്രദമായ ഇടപെടലായി വിവരാവകാശ നിയമവും യഥാർഥ്യമാക്കി.
ജില്ലയിൽ ആദ്യത്തെ കേന്ദ്രീയ വിദ്യാലയം പൈനാവിൽ അനുവദിച്ചതിനു പുറമെ ദേശീയപാത, എൻസിസി ബറ്റാലിയൻ, പുറ്റടി സ്പൈസസ് പാർക്ക് തുടങ്ങിയ വികസനപദ്ധതികളും നടപ്പാക്കിയതായി എംപി പറഞ്ഞു.
ഇടുക്കിയെ സ്നേഹിച്ച നേതാവ്-സി.പി. മാത്യു
തൊടുപുഴ: ഡോ. ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ടു പ്രകാരം വാസസ്ഥലവും കൃഷിഭൂമിയും തോട്ടങ്ങളും ഇഎസ്എയുടെ പരിധിയിൽനിന്ന് ഒഴിവാക്കി കരടു വിഞ്ജാപനം ഇറക്കിയ ഡോ. മൻമോഹൻ സിംഗ് സർക്കാരിനെ ഇടുക്കിക്കാർ മാത്രമല്ല പരിസ്ഥിതിലോല മേഖലയിലുള്ള ഒരാൾക്കും മറക്കാനാവില്ലെന്നു ഡിസിസി പ്രസിഡന്റ് സി.പി.മാത്യു പറഞ്ഞു.
പി.ടി. തോമസ് എംപിയുടെ ശിപാർശപ്രകാരം രണ്ടു ദേശീയപാതകളെ യോജിപ്പിച്ചും മൂന്നാറിനേയും തേക്കടിയേയും കൂട്ടിയോജിപ്പിച്ചും പുതിയ ദേശീയപാത അടിമാലി-കുമളി (എൻഎച്ച് 185) പ്രഖ്യാപിച്ചതും ഇടുക്കിയുടെ വികസനത്തിന്റെ നാഴികക്കല്ലായി മാറി.
കൊച്ചി-മധുര, കൊല്ലം-കുമളി ദേശീയപാതകൾ വികസിപ്പിക്കാൻ നടപടി ആരംഭിച്ചതും മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്ന രണ്ടാം യുപിഎ സർക്കാരിന്റെ കാലയളവിലാണെന്നും അദ്ദേഹത്തെ ഇടുക്കിയിലെ ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്നും സി.പി. മാത്യു പറഞ്ഞു.
മൻമോഹൻസിംഗിന്റെ ഓർമയിൽ മലയോരം
തൊടുപുഴ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഓർമയാകുന്പോൾ അദ്ദേഹത്തിന്റെ ഇടുക്കി സന്ദർശനം ഓർത്തെടുക്കുകയാണ് മലയോര ജനത. സൗമ്യതയോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന മഹത് വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
2006 ഏപ്രിൽ 20നാണ് അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം തൊടുപുഴയിൽ എത്തിയത്. ന്യൂമാൻ കോളജ് ഗ്രൗണ്ടിലെ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡിൽ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാർഗമാണ് സമ്മേളനവേദിയായ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെത്തിയത്.
സ്റ്റേഡിയം നിറഞ്ഞുനിന്ന ജനതയെ കൈ ഉയർത്തി അഭിവാദ്യം ചെയ്തപ്പോൾ പ്രവർത്തകർ കൂടുതൽ ആവേശഭരിതരായി. തുടർന്ന് അരമണിക്കൂറോളം പ്രസംഗിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡിസിസി പ്രസിഡന്റ് ജോയി തോമസ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരെ വേദിയിലിരുത്തിയായിരുന്നു കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ ജനങ്ങളോട് പറഞ്ഞത്.
ജില്ലയുടെ വികസനത്തിന് ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളതെന്നും ഇതിന് കേന്ദ്രടൂറിസം മന്ത്രാലയത്തിന് പദ്ധതികൾ തയാറാക്കി സമർപ്പിക്കണമെന്നും ഇബ്രാഹിംകുട്ടി കല്ലാർ ഉൾപ്പെടെയുള്ള നേതാക്കളോട് അദ്ദേഹം നിർദേശിച്ചാണ് അന്നു തൊടുപുഴയിൽനിന്ന് മടങ്ങിയത്.