സാമൂഹ്യവിരുദ്ധർക്കെതിരേ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1490346
Saturday, December 28, 2024 3:47 AM IST
അടിമാലി: പാറത്തോട് മേഖലയിലും പരിസരപ്രദേശങ്ങളിലും മദ്യം, മയക്കുമരുന്ന് മാഫിയകള്‍ സ്വൈര്യവിഹാരം നടത്തുകയാണെന്നും ഇത് പ്രദേശത്തെ ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും ആരോപിച്ച് പാറത്തോട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കമ്പളികണ്ടത്തുനിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാല രാജക്കാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.എസ്. ജോസ് പ്രതിഷേധ ജ്വാല ഫ്ലാഗ് ഓഫ് ചെയ്തു. പാറത്തോട് പള്ളി വക പൂതാളിയിലെ കുരിശ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതും തുടര്‍ സംഭവങ്ങളും ഇനിയും ആവർത്തിക്കരുതെന്നും പാറത്തോട് കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷന് ആരംഭിക്കണമെന്നും യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിഷേധ ജ്വാലയിൽ ആവശ്യപ്പെട്ടു.
പാറത്തോട്ടിൽ നടന്ന സമാപന സമ്മേളനം ജനകീയ സമിതി മുഖ്യരക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.
പാറത്തോട് ജനകീയ സമിതി ചെയർമാൻ രാജു വീട്ടിക്കല്‍, ബിജു വള്ളോംപുരയിടം, ജോസഫ് സേവ്യര്‍ എന്നിവര്‍ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി. സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനാ പ്രതിനിധികളും നിരവധി ആളുകളും പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.