തൂക്കുപാലം ടൗണിലെ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന്
1490343
Saturday, December 28, 2024 3:47 AM IST
നെടുങ്കണ്ടം: കമ്പംമെട്ട് - വണ്ണപ്പുറം ഹൈവേയുടെ ഭാഗമായ തൂക്കുപാലം ടൗണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആറുമാസക്കാലത്തിലധികമായി തുടരുന്ന നിര്‍മാണംമൂലം വ്യാപാരികളും യാത്രക്കാരും നാട്ടുകാരും വന്‍ പ്രതിസന്ധിയിലാണ്.
വീതി കുറച്ചാണ് ആദ്യഘട്ട ടാറിംഗ് നടത്തിയത്. ഇതുമൂലം രാമക്കല്‍മേട് ടൂറിസം മേഖലയിലേക്കും തൂക്കുപാലം മാര്‍ക്കറ്റ്, വിവിധ ദേവാലയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ വന്‍ ഗതാഗതക്കുരുക്ക് നേരിടുകയാണ്.
റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനകീയ സമിതി വിളിച്ചു ചേര്‍ത്ത് തൊടുപുഴയിലെ കിഫ്ബിയുടെ ഓഫീസിലേക്ക് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയില്‍ അറിയിച്ചു.