മീൻ പിടിക്കാൻ എത്തിയവരും രക്ഷാപ്രവർത്തനം നടത്തിയവരും ഉൾപ്പെടെ അഞ്ചുപേർ അപകടത്തിൽപ്പെട്ടു
1490340
Saturday, December 28, 2024 3:47 AM IST
അടിമാലി: അറ്റകുറ്റപ്പണികൾക്കായി കല്ലാർകുട്ടി അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതോടെ മീൻ പിടിക്കാൻ എത്തിയ അഞ്ചുപേർ പലപ്പോഴായി അപകടത്തിൽപ്പെട്ടു.
മീൻ പിടിക്കുന്നതിനിടെ ചെളിയിൽ താഴ്ന്നുപോയ മുകളേല്‍ ദിലീപിനെ ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഫയർഫോഴ്സ് മടങ്ങിയ സമയത്ത് വീണ്ടും വേറെ രണ്ടുപേർ പാറയിൽ കുടുങ്ങി.
ചിന്നാർ സ്വദേശിയായ ദിനിലും സുഹൃത്തുമാണ് പാറയിൽ കുടുങ്ങിയത്. ഇവരെയും ഫയർഫോഴ്സ് എത്തി പ്രദേശവാസികളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെ രണ്ടുപേർകൂടി ചെളിയിൽ താഴ്ന്നുപോയി. പ്രദേശവാസികളായ റെനീഷ്, ബിബിൻ എന്നിവരാണ് ചെളിയിൽ താഴ്ന്നത്.
അപകടത്തിൽപ്പെട്ട അഞ്ചുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്സ് മടങ്ങി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് പി. ജോയി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.