മനുഷ്യാവതാര ജൂബിലി; കാഞ്ഞിരപ്പള്ളി രൂപതാതല വർഷാചരണത്തിന് തുടക്കം
1490339
Saturday, December 28, 2024 3:47 AM IST
കാഞ്ഞിരപ്പള്ളി: ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലി വർഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയിൽ നാളെ തുടക്കമാകും. നാളെ രാവിലെ 6.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 25 വർഷത്തിലൊരിക്കൽ തുറക്കുന്ന വിശുദ്ധ വാതിൽ പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് മുമ്പായി ഫ്രാൻസിസ് മാർപാപ്പ തുറന്നതോടെയാണ് ജൂബിലി വർഷാചരണത്തിന് തിരിതെളിഞ്ഞത്. ഇതിനോട് ചേർന്നാണ് രൂപതകളിലെ വർഷാചരണം.
കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകളിലെ ജൂബിലി വർഷാചരണത്തിന് ദനഹാ തിരുനാൾ റംശ നമസ്കാരത്തിലെ ദീപം തെളിക്കൽ ശുശ്രൂഷയോടനുബന്ധിച്ച് തുടക്കമാകും. ആരാധനക്രമ വിശ്വാസജീവിത പരിശീലന പരിപാടികൾ,
വിശുദ്ധ കുമ്പസാരത്തിനുള്ള അധിക സൗകര്യങ്ങൾ, തീർഥാടനങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ വിശ്വാസ ജീവിതത്തിന് ശക്തിപകരുന്ന വിവിധ കർമപദ്ധതികൾ ജൂബിലി വർഷത്തിൽ രൂപതയിൽ നടപ്പിലാക്കും.