അറ്റകുറ്റപ്പണികൾക്കായി കല്ലാർകുട്ടി അണക്കെട്ട് തുറന്നു
1490337
Saturday, December 28, 2024 3:47 AM IST
അടിമാലി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായി ഡാം തുറന്നു. സ്ലൂയസ് വാല്‍വ് തുറന്നാണ് അണക്കെട്ടില്‍നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്.അണക്കെട്ടില്‍ ടണലിന് മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് കാലപ്പഴക്കത്തെത്തുടര്‍ന്ന് പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് നടത്തുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 10 മാസം മുമ്പ് ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. അണക്കെട്ട് പരിസരത്ത് ഇതിനുവേണ്ടി സൂക്ഷിച്ചിട്ടുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കുന്നത്.1961 ലാണ് അണക്കെട്ട് കമ്മീഷന് ചെയ്തത്.
ഇവിടെനിന്ന് നേര്യമംഗലം ജലവൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ടണല്‍ മുഖത്തെ ട്രാഷ് റാക്ക് അക്കാലത്ത് സ്ഥാപിച്ചതാണ്. ഇടയ്ക്കിടെ തകരാറിലാകുന്ന ട്രാഷ് റാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകമാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. കാലഹരണപ്പെട്ട ട്രാഷ് റാക്ക് മാറ്റി പുതിയത് സ്ഥാപിക്കുന്ന നടപടികള്‍ ആദ്യമായാണ് നടത്തുന്നത്.