വികസനം ടൂറിസം: സ്വകാര്യ പങ്കാളിത്തത്തോടെ കോ-വർക്കിംഗ് സ്പേസ്
1486541
Thursday, December 12, 2024 7:25 AM IST
തൊടുപുഴ: ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്കിംഗ് സ്പേസ് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് പദ്ധതി. വാഗമണ്‍ അഡ്വഞ്ചർ പാർക്ക്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, അരുവിക്കുഴി, ചെല്ലാർകോവിൽ ടൂറിസം കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്. ഇതിനായി സ്വകാര്യ സംരഭകരിൽനിന്നു താത്പര്യപത്രം ക്ഷണിച്ചു.
നഗരങ്ങളിലും ഇൻഫോപാർക്കിലും മാളുകളിലും എയർപോർട്ടുകളിലും ഉൾപ്പെടെ പ്രവർത്തിച്ചു വരുന്ന സംവിധാനമാണ് കോ-വർക്കിംഗ് സ്പേസുകൾ. ഐടി പ്രഫഷണലുകൾ, കണ്‍സൾട്ടന്റുമാർ, ബിസിനസുകാർ, കലാകാരൻമാർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഉദേശിച്ചാണ് കോ-വർക്കിംഗ് സ്പേസുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ തൊടുപുഴയിൽ സ്വകാര്യ മേഖലയിൽ കോ-വർക്കിംഗ് സ്പേസ് പ്രവർത്തിച്ചു വരുന്നുണ്ട്.
യാത്രയ്ക്കിടയിലും മറ്റും അടിയന്തരമായി കന്പനി ജോലികളും മറ്റും ചെയ്യേണ്ടി വരുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അവധി ദിനങ്ങൾ ആസ്വദിക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്ക് പെട്ടെന്ന് ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്യേണ്ടി വരുന്പോൾ ഓഫീസ് അന്തരീക്ഷത്തിൽ തന്നെ ചെയ്യാൻ കഴിയുന്നുവെന്നതാണ് കോ -വർക്കിംഗ് സ്പേസിന്റെ പ്രത്യേകത. പല സ്ഥലങ്ങളിലും സ്വകാര്യ മേഖലയിൽ കോ-വർക്കിംഗ് സ്പേസ് സ്ഥാപിച്ച് വാടകയ്ക്ക് നൽകി വരുന്നുണ്ട്.
ജില്ലയിൽ ടൂറിസം മേഖലയിലേയ്ക്ക് കൂടുതൽ പേരെ എത്തിക്കുന്നതിനോടൊപ്പം സ്വകാര്യ സംരഭകരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിടിപിസി പദ്ധതി തയാറാക്കുന്നത്.
പദ്ധതിയ്ക്കാവശ്യമായ സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഡിടിപിസി നൽകുന്നത്. വൈദ്യുതി, അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഡിടിപിസി നൽകും. മറ്റ് സൗകര്യങ്ങൾ സജ്ജമാക്കാൻ തയാറുള്ള സ്വകാര്യ സംരഭകർക്ക് പദ്ധതി തയാറാക്കി ഡിടിപിസിയ്ക്ക് സമർപ്പിക്കാം. ആകർഷകമായ വിധത്തിൽ പദ്ധതിയുടെ രൂപരേഖ തയാറാക്കി സമർപ്പിക്കുന്നവരിൽ നിന്നും സംരഭകരെ തെരഞ്ഞെടുക്കും.
ഇതിനു പുറമേ ജില്ലാ ആസ്ഥാനത്തെ പാറേമാവ് അമിനിറ്റി സെന്ററിൽ ഭക്ഷണവും വിനോദവും ഒത്തു ചേരുന്ന ഫുഡ്റ്റൈൻമെന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഫുഡ് കോർണർ, കഫ്റ്റേരിയ, എന്റർറ്റൈൻമെന്റ് ഏരിയ എന്നിവയാണ് ഒരുക്കേണ്ടത്. ഇതും സ്വകാര്യ പങ്കാളിത്തോടെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ജില്ലയിൽ വാഗമണ്‍ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിടിപിസി നടപ്പാക്കിയത്.