അടി, തിരിച്ചടി ആവർത്തിച്ച് എം.എം. മണി ;"തിരിച്ചുതല്ലാത്തതിനാലാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്’
1486538
Thursday, December 12, 2024 7:25 AM IST
നെടുങ്കണ്ടം: വിവാദ പ്രസംഗം ആവർത്തിച്ച് എം.എം. മണി എംഎൽഎ. തല്ലുകൊണ്ടിട്ട് വീട്ടിൽ പോകുകയല്ല വേണ്ടത്. അടിച്ചാൽ തിരിച്ചടിക്കണം, അതാണ് നമ്മുടെ നിലപാട്.
ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് അദ്ദേഹത്തെ വെടിവച്ചുകൊന്നതെന്നും എം.എം. മണി പറഞ്ഞു. തൂക്കുപാലത്ത് നടക്കുന്ന സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചാൽ കേസൊക്കെ വരും. അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം, ഇതൊക്കെ ചെയ്താണ് താനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർത്തിയതെന്നും മണി പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്, ഇതൊക്കെ കൊടുത്ത് മാധ്യമങ്ങൾ എന്നെ കുഴപ്പത്തിലാക്കരുതെന്നും മണി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ശാന്തൻപാറ ഏരിയാ സമ്മേളനത്തിൽ എം.എം. മണി നടത്തിയ അടിച്ചാൽ തിരിച്ചടിക്കണമെന്ന പ്രസ്താവന വിവാദമായിരുന്നു.