കലോത്സവ വിധിനിർണയം: ഡാൻസ് ടീച്ചേഴ്സ് അസോ. വിജിലൻസിന് പരാതി നൽകി
1485974
Tuesday, December 10, 2024 8:11 AM IST
തൊടുപുഴ: ജില്ലയിലെ സബ്ജില്ല, റവന്യു ജില്ലാ കലോത്സവത്തിലെ വിധിനിർണയത്തിൽ ക്രമവിരുദ്ധമായ നടപടികളുണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ വിജിലൻസിനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സബ് ജില്ലാ കലോത്സവങ്ങളിൽ അടിമാലി, പീരുമേട്, അറക്കുളം, മൂന്നാർ എന്നിവിടങ്ങളിൽ മാത്രമാണ് ശരിയായി വിധിനിർണയം നടന്നത്. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നൃത്ത-നൃത്തേതര ഇനങ്ങളിലെ വിധി നിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതികൾ ഉയരുന്നത്.
കഞ്ഞിക്കുഴിയിൽ നടന്ന റവന്യു ജില്ലാ കലോത്സവത്തിൽ വിധികർത്താക്കളും ഇടനിലക്കാരുമായി നടന്ന ഓഡിയോ സന്ദേശങ്ങൾ ക്രമക്കേടിലേക്ക് വിരൽചൂണ്ടുന്നതാണ്. ഇതേത്തുടർന്നു നൃത്തമത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിധികർത്താക്കളെ തീരുമാനിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന ലോബികളെ നിയന്ത്രിക്കാനും കലോത്സവത്തിലെ ക്രമക്കേട് സംബന്ധിച്ചുണ്ടായ പരാതികളിലും അടിയന്തര നടപടിയുണ്ടാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ സെക്രട്ടറി പി.കെ. സുരേഷ്, പ്രസിഡന്റ് രാജമ്മ രാജു, ട്രഷറർ ശ്രീനിഷ രമേഷ്, സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.എസ്. സുരേഷ്, ലത സുരേഷ്, വി.വി. ഫിലോമിന എന്നിവർ പങ്കെടുത്തു.