മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; തടഞ്ഞുവച്ച വികലാംഗ പെൻഷൻ ലഭിച്ചു
1486537
Thursday, December 12, 2024 7:25 AM IST
ഇടുക്കി: ജന്മനാ പോളിയോ ബാധിച്ച് ഇരുകാലുകൾക്കും സ്വാധീനമില്ലാത്തയാൾക്ക് മസ്റ്ററിംഗ് നടത്തിയില്ലെന്ന പേരിൽ പഞ്ചായത്ത് അധികൃതർ തടഞ്ഞുവച്ച വികാലാംഗ പെൻഷൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് അനുവദിച്ചു.കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉപ്പുതറ ചേർപ്പുളശേരി വിഷ്ണു പൊന്നപ്പന്റെ (33) വികലാംഗ പെൻഷനാണ് പഞ്ചായത്ത് തടഞ്ഞത്. വാക്കറിന്റെ സഹായത്തോടെയാണ് വിഷ്ണു കഴിയുന്നത്.
വിഷ്ണുവിന്റെ അമ്മ വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെ അച്ഛനും മരിച്ചു. അച്ഛന്റെ സഹോദരിയുടെ മകളുടെ വീട്ടിൽ താമസിക്കുന്ന വിഷ്ണു ലോട്ടറിക്കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്.
എന്നാൽ വാഹനം തകരാറിലായതോടെ കച്ചവടം നിലച്ചു. 2004 മുതൽ വിഷ്ണുവിന് പെൻഷൻ ലഭിക്കുന്നുണ്ട്. മസ്റ്ററിംഗ് നടത്തിയിട്ടും പെൻഷൻ തടഞ്ഞെന്നാണ് പരാതി. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ ഗിന്നസ് മാടസാമിയാണ് കമ്മീഷനെ സമീപിച്ചത്.