പൂമാല സ്കൂളിൽ കുട്ടികൾക്ക് വീണ്ടും പ്രഭാതഭക്ഷണം
1485968
Tuesday, December 10, 2024 8:11 AM IST
വെള്ളിയാമറ്റം: പൂമാല ട്രൈബൽ സ്കൂളിലെ എൽപി, യുപി വിഭാഗത്തിലെ 108 കുട്ടികളിൽ 30 പേർക്ക് ഇന്നലെ മുതൽ പ്രഭാത ഭക്ഷണം നൽകിത്തുടങ്ങി. വീട്ടിൽനിന്നും പ്രഭാത ഭക്ഷണം കഴിക്കാൻ സാഹചര്യമില്ലാത്ത 30 കുട്ടികൾക്കാണ് ഇന്നലെ അപ്പവും കടലക്കറിയും നൽകിയത്. കേരളാ ഗ്രാമീണ്‍ ബാങ്ക് കലയന്താനി ശാഖയുടെ സിഎസ്്ആർ ഫണ്ടിൽനിന്നു നൽകിയ 15,000 രൂപ ഉപയോഗിച്ചാണ് ഭക്ഷണവിതരണം തുടങ്ങിയത്.
പ്രഭാത ഭക്ഷണം മുടങ്ങിയതു സംബന്ധിച്ച് സ്കൂൾ വിദ്യാർഥി പഞ്ചായത്ത് പ്രസിഡന്റിന് എഴുതിയ കത്ത് പുറത്തായതിനെത്തുടർന്നാണ് കുട്ടികളുടെ ദുരിതകഥ പുറം ലോകമറിഞ്ഞത്.
സ്കൂൾ പിടിഎ പ്രസിഡന്റിന്റയും ഹെഡ്മാസ്റ്ററുടെയും പേരിൽ കലയന്താനി ഗ്രാമീണ്‍ ബാങ്കിൽ സംയുക്ത അക്കൗണ്ട്് ആരംഭിച്ചിട്ടുണ്ട്. സുമനസുകളിൽനിന്നു പണം സ്വരൂപിച്ച് തുടർന്നും പ്രഭാത ഭക്ഷണ വിതരണം മുടങ്ങാതെ നൽകാനാണ് തീരുമാനം. ലഭിക്കുന്ന പണം ഉപയോഗിച്ച് സമാന പ്രതിസന്ധിയുള്ള പഞ്ചായത്തിലെ മറ്റു സ്കൂളുകളെയും സഹായിക്കും. ലീഗൽ സർവീസസ് അഥോറിറ്റി അധികൃതർ കഴിഞ്ഞ ദിവസം സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു.
ഇതിനിടെ വെള്ളിയാമറ്റം പഞ്ചായത്തിലെ ട്രൈബൽ സ്കൂളിൽ പ്രഭാതഭക്ഷണം മുടങ്ങിയ സംഭവം പുറത്തായതോടെ താലൂക്ക് സപ്ലൈ ഓഫീസ്, റവന്യു വകുപ്പ് തുടങ്ങി വിവിധ വകുപ്പുകൾ വിശദീകരണം ചോദിച്ച് കത്തയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി പറഞ്ഞു. എന്നാൽ ഫണ്ടനുവദിച്ച് പ്രശനത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ബന്ധപ്പെട്ട ഒരു വകുപ്പുകളും ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രഭാത ഭക്ഷണം കഴിക്കാൻ മാർഗമില്ലെന്നു കണ്ടെത്തിയ 108 വിദ്യാർഥികളിൽ 30 പേർക്കു മാത്രം ഭക്ഷണം നൽകുന്നത് നീതികരിക്കാൻ കഴിയില്ലെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.