കാറിൽ രക്തത്തിൽ കുളിച്ചനിലയിൽ യുവാക്കളെ കണ്ടെത്തിയതിൽ ദുരൂഹത
1485997
Wednesday, December 11, 2024 3:25 AM IST
രാജകുമാരി: രാജകുമാരി-സേനാപതി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ രക്തത്തിൽ കുളിച്ച നിലയിൽ രണ്ടു യുവാക്കളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തിങ്കളാഴ്ച രാത്രി എട്ടിനാണ് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കാറിന് വെളിയിൽ രക്തം പുരണ്ട ഷർട്ട് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വൈകുന്നേരം അഞ്ചുമുതൽ ഈ കാർ അവിടെയുണ്ടായിരുന്നു.
നാട്ടുകാർ പരിശോധിച്ചപ്പോൾ കാറിനകത്ത് രക്തത്തിൽ കുളിച്ച നിലയിൽ ബോധരഹിതരായ രണ്ടു യുവാക്കളെ കണ്ടെത്തുകയായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവിന്റെ തലയുടെ പിൻഭാഗത്തുനിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി ഇരുവരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.
മദ്യ ലഹരിയിലായിരുന്ന ഇരുവർക്കും സംസാരിക്കാൻ കഴിയുമായിരുന്നില്ല. യുവാക്ക ളുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.