ഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ യുഡിഎഫിന് ഉജ്വലവിജയം
1486540
Thursday, December 12, 2024 7:25 AM IST
തൊടുപുഴ: ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് ഉജ്വല വിജയം. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി കോണ്‍ഗ്രസിലെ സാന്ദ്രമോൾ ജിന്നിയും കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡിൽ കോണ്‍ഗ്രസിലെ എ.എൻ. ദിലീപ്കുമാറും മികച്ച വിജയം നേടി. സാന്ദ്രമോൾ 753 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ദിലീപ്കുമാർ 177 വോട്ടുകൾക്കാണ് വിജയിച്ചത്.
കഞ്ഞിക്കുഴിയിൽ പോൾ ചെയ്ത 3,965 വോട്ടുകളിൽ സാന്ദ്രമോൾ ജിന്നിക്ക് 2,146 വോട്ടും എൽഡിഎഫ് സ്ഥാനാർഥി സിൻസി ജോബിക്ക് 1,393 വോട്ടുകളും ബിജെപി സ്ഥാനാർഥി സിന്ധുസുനിലിന് 426 വോട്ടുകളും ലഭിച്ചു. പോൾ ചെയ്തതിൽ പകുതിയിലേറെ വോട്ടുകളും സാന്ദ്രമോൾക്ക് ലഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറു വാർഡുകൾ ഉൾപ്പെട്ടതാണ് കഞ്ഞിക്കുഴി ബ്ലോക്ക് ഡിവിഷൻ. ആറ് വാർഡുകളിലും യുഡിഎഫ് സ്ഥാനാർഥി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച രാജി ചന്ദ്രൻ എൽഡിഎഫിലേക്ക് കൂറുമാറിയതിനെത്തുടർന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ അയോഗ്യയാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂരിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ദിലീപ്കുമാറിന് 410 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സിപിഎമ്മിലെ ജെയിൻ അഗസ്റ്റിന് 233 വോട്ടുകളും ബിജെപി സ്ഥാനാർഥി അനിൽ ചന്ദ്രന് 92 വോട്ടുകളും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെനിന്നു വിജയിച്ച എൽഡിഎഫിലെ ഡി. ദേവസ്യയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതിനെത്തുടർന്നാണ് ഇവിടെയും ഉപതെരഞ്ഞെടുപ്പ് നടന്നത്. ദിലീപിന്റെ വിജയത്തോടെ കരിമണ്ണൂരിൽ ഭരണമാറ്റത്തിനും കളമൊരുങ്ങുകയാണ്.
ഉപതെരഞ്ഞടുപ്പു പരാജയം സിപിഎമ്മിനേറ്റ പ്രഹരം: സി.പി. മാത്യു
തൊടുപുഴ: എട്ടു വർഷത്തിലധികമായി ജനദ്രോഹ ഭരണംകൊണ്ട് ജീവിതം പൊറുതി മുട്ടിയ ജനതയുടെ പ്രതിഷേധമാണ് കേരളത്തിലെ ഉപതെരഞ്ഞടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം കൂറുമാറ്റ രാഷ്ട്രീയത്തിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധവും സിപിഎമ്മിന്റെ മുഖത്തേറ്റ പ്രഹരവുമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.