വ്യത്യസ്ത വാഹനാപകടം : വണ്ടിപ്പെരിയാർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
1485995
Wednesday, December 11, 2024 3:25 AM IST
വണ്ടിപ്പെരിയാർ: കോട്ടയം കോടിമതയിൽ കഴിഞ്ഞ നാലിന് ബൈക്കിടിച്ചു തെറിപ്പിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി മനോജ് (34) ചൊവ്വാഴ്ച രാവിലെ നാലോടെ മരിച്ചു.
കോട്ടയം ഭാഗത്ത് സർവീസ് അവസാനിപ്പിച്ച് മനോജ് കോടിമതയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ ബാഗും മൊബൈൽ ഫോണും വച്ച ശേഷം ചായ കുടിക്കുന്നതിന് റോഡ് സൈഡിലൂടെ നടന്നുപോകുന്നതിനിടയാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ബോധം നഷ്ടപ്പെട്ട മനോജിനെ ബൈക്ക് യാത്രക്കാരൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പുഷ്പ -ടു സിനിമ തമിഴ്നാട് കമ്പത്തെ തിയറ്ററിൽ പോയി കണ്ട് തിരികെ വരുന്നതിനിടെ വണ്ടിപ്പെരിയാർ മൂലക്കയം സ്വദേശികളായ പ്രദീപ്, വിഷ്ണു എന്നിവർ അപകടത്തിൽപ്പെടുകയായിരുന്നു. കമ്പത്തിനു സമീപം തമിഴ്നാട് സർക്കാർ വാഹനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
തുടർന്ന് ഇരുവരെയും തേനി മെഡിക്കൽ കോളജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന മൂലക്കയം സ്വദേശി പ്രദീപ് (22) മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂലക്കയം സ്വദേശി വിഷ്ണു മധുര അപ്പോളോ ആശുപത്രിയിൽ അത്യാഹിത വിഭാഹത്തിൽ ചികിത്സയിലാണ്.