വാഹനാപകടത്തിൽ വർക്ക്ഷോപ്പ് തകർന്നു
1486006
Wednesday, December 11, 2024 3:37 AM IST
നെടുങ്കണ്ടം: കലുങ്ക് നിർമാണത്തിനായി ഒരു ഭാഗം പൊളിച്ചു മാറ്റിയ വർക്ക് ഷോപ്പ് വാഹനാപകടത്തിൽ പൂർണമായി തകർന്നു. തൂക്കുപാലം- ബാലഗ്രാം റോഡിന് സമീപം പ്രവർത്തിക്കുന്ന പി.ആർ. ദിനഗരന്റെ സൂര്യ മോട്ടോർ ഗ്യാരേജിന്റെ മേൽക്കൂരയാണ് തിങ്കളാഴ്ച രാത്രി 12 തകർന്നത്.
തൂക്കുപാലം - ബാലഗ്രാം റോഡിലെ കലുങ്ക് പുനർ നിർമിക്കുന്നതിനായി അൻപത് ദിവസത്തേക്ക് ഗതാഗതം പൂർണമായും തടയാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. വർക്ക്ഷോപ്പിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി വഴിതിരിച്ചുവിട്ടാണ് ഇത് ഒഴിവാക്കിയത്.
എന്നാൽ തിങ്കളാഴ്ച രാത്രി തമിഴ്നാട്ടിൽനിന്നു വൈക്കോലുമായി വന്ന ലോറിയുടെ കയർ വർക്ഷോപ്പിന്റെ കമ്പിയിൽ കുരുങ്ങി മേൽക്കൂര തകരുകയായിരുന്നു. ഇത് പുനർനിർമിക്കാൻ രണ്ടു ലക്ഷം ചെലവ് വരും.