മലങ്കര ഹബ് വികസനം: സ്വകാര്യ സംരംഭത്തിന് നിർദേശം
1485993
Wednesday, December 11, 2024 3:25 AM IST
തൊടുപുഴ: മലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവസരം നൽകാൻ തീരുമാനം. ഇന്നലെ ചേർന്ന ഹബ്ബിന്റെ ജനറൽ കൗണ്‍സിൽ യോഗത്തിൽ ഇത് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാൻ പി.ജെ. ജോസഫ് എംഎൽഎ ഡിടിപിസി, എംവിഐപി അധികൃതർക്ക് നിർദേശം നൽകി. മലങ്കര അണക്കെട്ടിൽ ജലം മലിനമാകാത്ത വിധം സോളാർ ബോട്ട് സർവീസ് ആരംഭിക്കാൻ സ്വകാര്യ മേഖലകളിൽനിന്ന് താത്പര്യ പത്രം ക്ഷണിക്കും.
2022 ജൂണ്‍ 23ന് ചേർന്ന മലങ്കര ഹബ്ബിന്റെ ജനറൽ കൗണ്‍സിൽ യോഗത്തിൽ ബോട്ട് സർവീസ് ആരംഭിക്കാൻ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് ചുമതല നൽകിയിരുന്നു. എന്നാൽ മന്ത്രിയുടെ ഓഫീസിൽനിന്ന് അനുമതി നല്‍കാത്തതിനെത്തുടർന്ന് ബോട്ട് സർവീസ് പദ്ധതിയുടെ നടപടികൾ നിലച്ചു.
എൻട്രൻസ് പ്ലാസയ്ക്ക് കെട്ടിട നന്പർ നൽകി ഉടൻ പ്രവർത്തന സജ്ജമാക്കി സർക്കാർ, സ്വകാര്യ മേഖലകൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം നൽകാനും ജനറൽ കൗണ്‍സിലിൽ തീരുമാനമായി.
പ്രവേശന ഫീസ്, വാഹന പാർക്കിംഗ് എന്നിവയിൽനിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കുന്നതിനും കുട്ടികളുടെ പാർക്ക് വിപുലീകരിക്കുന്നതിനും കൗണ്‍സിൽ അനുമതി നൽകി. ഫുഡ് ഫെസ്റ്റ്, എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ എന്നിങ്ങനെയുള്ള വിവിധ പദ്ധതികളും ഹബ്ബിലേക്ക് എത്തിക്കും.
പി.ജെ. ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, വൈസ് പ്രസിഡന്റ് ബിജോയി ജോണ്‍, മെംബർ അരുണ്‍ ചെറിയാൻ, മാത്യു പാലംപറന്പിൽ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ എന്നിവർ ഓണ്‍ ലൈൻ യോഗത്തിൽ പങ്കെടുത്തു.