കാഞ്ഞാർ-കൈപ്പ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
1486003
Wednesday, December 11, 2024 3:37 AM IST
കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തിലെ ജൽജീവൻ പദ്ധതിക്കായി കുത്തിപൊളിച്ച കാഞ്ഞാർ - കൈപ്പ റോഡ് ഒരു വർഷത്തോളമായി അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കൈപ്പ നിവാസികളുടെ ഏക സഞ്ചാര മാർഗമായ റോഡ് തകർന്നതിനാൽ ഇവിടെയുള്ളവർ വലയുകയാണ്. ചെറു വാഹനങ്ങൾക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത വിധം റോഡ് തകർന്നു. നിരവധി തവണ വാട്ടർ അഥോറിറ്റി അധികൃതരെയും ജൽജീവൻ പദ്ധതി ഏറ്റെടുത്തു ചെയ്യുന്ന കരാറുകാരനെയും അറിയിച്ചിട്ടും ഇവർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ വാട്ടർ അഥോറിറ്റി ഓഫീസിലേക്കും മന്ത്രിയുടെയും കരാറുകാരന്റെയും വീട്ടിലേക്കും പ്രധിഷേധ സമരവും മാർച്ചും നടത്തുമെന്ന് പ്രദേശവാസികൾ അറിയിച്ചു. പ്രതിഷേധ സമരം കുടയത്തൂർ മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ അധ്യക്ഷത വഹിച്ചു. ജിൽസ് അഗസ്റ്റിൻ, പി.ഡി. ബാബു, ഇ. ജെ. വിനോദ്, സുനിൽ നരിക്കുഴി, സെബാസ്റ്റ്യൻ പുലയാട്ടുമല തുടങ്ങിയവർ പ്രസംഗിച്ചു.