തേക്കടി ബോട്ടപകടം: കേസ് വിസ്താരം നാളെ ആരംഭിക്കും
1485988
Wednesday, December 11, 2024 3:25 AM IST
തൊടുപുഴ: തേക്കടി ബോട്ടപകടം സംബന്ധിച്ച് കേസിന്റെ വിസ്താരം നാളെ തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീതയുടെ മുന്പാകെ ആരംഭിക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. റഹിം പത്രസമ്മേളനത്തിൽ അറിയിച്ചു.
2009 സെപ്റ്റംബർ 30നാണ് 45 പേരുടെ ജീവൻ അപഹരിച്ച ജലകന്യക ബോട്ടപകടമുണ്ടായത്. ബോട്ടിന് വലതുവശത്തേക്ക് ചെരിവുള്ളതായി അറിവുണ്ടായിരിക്കേ 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റി അമിതവേഗതയിൽ ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ബോട്ട് ടിക്കറ്റും എൻട്രൻസ് ടിക്കറ്റും പരിശോധിച്ച് ടിക്കറ്റുള്ളവരെ മാത്രം ബോട്ട് ലാന്ഡിംഗിലേക്ക് കടത്തിവിടുന്നതിനു പകരം ടിക്കറ്റില്ലാത്ത 19 യാത്രക്കാരെ പണംവാങ്ങി ലാന്ഡിംഗിലേക്ക് കടത്തിവിടുകയായിരുന്നു.
ബോട്ടുടമ യാത്രാബോട്ടിന് സ്റ്റെബിലിറ്റിസർട്ടിഫിക്കറ്റ് വാങ്ങാതെ അപകടാവസ്ഥയിലുള്ള ബോട്ട് കെടിഡിസിക്ക് 42,70,000 രൂപയ്ക്ക് കൈമമാറി വഞ്ചിക്കുകയായിരുന്നു. കെടിഡിസിക്കുവേണ്ടി ബോട്ട് ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്ന ടെക്നിക്കൽ ഓഫീസർ കരാർ വ്യവസ്ഥയിൽ പറഞ്ഞിരുന്ന സർട്ടിഫിക്കറ്റുകളില്ലാതെയാണ് ബോട്ട് ഏറ്റെടുത്തത്.
തമിഴ്നാട്, ബംഗളൂരു, ആന്ധ്ര, ഹൈദരാബാദ്, മുംബൈ, ഹരിയാന, ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ ഏഴിനും 14നും ഇടയിൽ പ്രായമുള്ള 13 കുട്ടികളും ശേഷിക്കുന്നവർ 50 വയസിൽ താഴെ പ്രായമുള്ളവരുമായിരുന്നു. നേരത്തെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കേസിന്റെ നടത്തിപ്പിൽനിന്നു സ്വയം പിൻമാറിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് താൻ കേസ് ഏറ്റെടുത്തതെന്നും അഡ്വ. ഇ.എ. റഹിം പറഞ്ഞു.
പ്രതിപ്പട്ടികയിലുള്ളത് ആറുപേർ
ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യം ഏഴുപേരെയാണ് പ്രതിചേർത്തിരുന്നത്. ഇതിൽ മൂന്നുപേർ വിടുതൽ ഹർജി നൽകിയെങ്കിലും ഒരാളെ കോടതി ഒഴിവാക്കി. ബോട്ട് ഡ്രൈവർ വിക്ടർ ജോർജ്, ബോട്ടിന്റെ ലാസ്കറായ തങ്കൻ എന്നുവിളിക്കുന്ന അനീഷ് എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. വനംവകുപ്പ് താത്കാലിക ജീവനക്കാരായ വി.പ ്രകാശ്, എൻ.എ. ഗിരി, ബോട്ട് ഇൻസ്പെക്ടറും ടെക്നിക്കൽ കമ്മിറ്റിയംഗവുമായിരുന്ന എം. മാത്യൂസ്, ബോട്ട് രൂപകൽപ്പന ചെയ്ത മനോജ് മാത്യു എന്നിവരാണ് മറ്റു പ്രതികൾ.
2019-ലാണ് 4,722 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കുമളി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എറണാകുളം, കോഴിക്കോട് ക്രൈംബ്രാഞ്ചുകളും അന്വേഷണത്തിൽ സഹായിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ജില്ലാ സൂപ്രണ്ടായിരുന്ന കെ.എം. സാബു മാത്യുവാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ബോട്ടിന്റെ നിർമാണത്തിലെ പാകപ്പിഴകളും മറ്റു സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഒരു കുറ്റപത്രവും അപകടത്തിനു കാരണമായ ഡ്രൈവിംഗ്, അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ ബോട്ടിൽ പ്രവേശിപ്പിച്ചു എന്നീ നിയമലംഘനങ്ങൾ വ്യക്തമാക്കുന്ന മറ്റൊരു കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
വിചാരണ നീളും
സംഭവം നടന്ന് 15 വർഷം പിന്നിടുന്പോഴാണ് കേസിന്റെ വിസ്താരം ആരംഭിക്കുന്നത്. കേസിൽ 309 സാക്ഷികളാണുള്ളത്.നാടിനെ നടുക്കിയ ദുരന്തം നടന്ന് ഒന്നര പതിറ്റാണ്ടോളം കേസ് നീണ്ടുപോകാൻ ഇടയായത് അധികൃതരുടെ അലംഭാവം മൂലമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കോടതികളിൽ ഒട്ടേറെ കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സ്പെഷൽ കോടതി അനുവദിച്ചിരുന്നെങ്കിൽ നടപടികൾ വേഗത്തിലാകുമായിരുന്നു. എന്നാൽ ഇതിനു സർക്കാർ മുൻകൈയെടുക്കാത്തതും ദുരന്തത്തിനിരയായവരുടെ ബന്ധുക്കളടക്കം രംഗത്തുവരാത്തതും കേസ് നീണ്ടുപോകാൻ മറ്റൊരു കാരണമായി.
സാക്ഷികൾ ഭൂരിഭാഗവും ഇതരസംസ്ഥാനത്തുനിന്നുള്ളവരായതിനാൽ വിസ്താരം നീണ്ടുപോകാനുള്ള സാധ്യതയും ഏറെയാണ്. അന്നു താമസിച്ചിരുന്ന സ്ഥലത്തുനിന്നു പലരും വീട് വിറ്റുപോകുകയോ താമസം മാറുകയോ ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്തി കോടതിയിൽ വിസ്താരത്തിന് എത്തിക്കുക ഏറെ ശ്രമകരമാകും. അപകടത്തിൽ ഒരു കുടുംബത്തിൽനിന്നു ആറുപേർ വരെ മരണമടഞ്ഞിട്ടുണ്ട്.
ഇത്തരം കുടുംബങ്ങളിലെ അംഗങ്ങൾ കേസുമായി മുന്നോട്ടുപോകാൻ താത്പര്യം കാണിക്കാത്തതും വെല്ലുവിളിയാകും. മുഴുവൻ സാക്ഷികളേയും വിസ്തരിക്കാനായില്ലെങ്കിലും പകുതിപ്പേരെയെങ്കിലും വിസ്തരിക്കാൻ കഴിഞ്ഞെങ്കിലേ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനാകൂ.