മുനമ്പം ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണം: ഇടുക്കി രൂപത
1486002
Wednesday, December 11, 2024 3:37 AM IST
പരിഹാരമുണ്ടാക്കണമെന്ന് മാർ നെല്ലിക്കുന്നേൽ
ചെറുതോണി: മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന ഏഴാമത് രൂപത പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമയോഗത്തിൽ എകെസിസി ഗ്ലോബൽ യൂത്ത് കൗൺസിൽ സെക്രട്ടറി സിജോ ഇലന്തൂർ ഇതു സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി.
തലമുറകളായി മുനമ്പം നിവാസികൾ കൈവശം വച്ചിരിക്കുന്നതും 1975 ലെ ഹൈക്കോടതി തീർപ്പ് അനുസരിച്ച് ഫറൂഖ് കോളജ് മാനേജ്മെന്റിൽനിന്നു വില കൊടുത്തു വാങ്ങിയതും എല്ലാവിധ രജിസ്ട്രേഷൻ നടപടികളും പൂർത്തീകരിച്ച് കരമടച്ചു വരുന്നതുമായ പട്ടയഭൂമി വഖഫിന്റേതാണ് എന്ന നിരുത്തരവാദപരമായ അവകാശങ്ങൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുനമ്പം പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരായ മനുഷ്യരെ കുടിയിറക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും യോഗം ആരോപിച്ചു.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.
രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ സിസ്റ്റർ ടെസ്ലിൻ എസ്എച്ച്, സിസ്റ്റർ റോസിൻ എഫ്സിസി,
സിസ്റ്റർ ലിറ്റി ഉപ്പുമാക്കൽ എസ് എ ബി എസ്, സിസ്റ്റർ ആനി പോൾ സി എം സി, ഡോ. അനിൽ പ്രദീപ്, ആൻസി തോമസ്, ജെറിൻ ജെ. പട്ടാംകുളം, മരീറ്റ തോമസ് എന്നിവർ പ്രസംഗിച്ചു.