ഇടുക്കി മെഡിക്കൽ കോളജ് : നഴ്സിംഗ് വിദ്യാർഥികൾക്ക് അടിസ്ഥാനസൗകര്യമില്ലെന്ന് പരാതി
1486534
Thursday, December 12, 2024 7:25 AM IST
ഇടുക്കി: മെഡിക്കൽ കോളജിലെ നഴ്സിംഗ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. 2023-24, 24-25 സാന്പത്തിക വർഷത്തിൽ രണ്ട് ബാച്ചിലായി 120 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നഴ്സിംഗ് കോളജ് ആരംഭിച്ചിട്ട് ഒരു വർഷമായിട്ടും കെട്ടിട സൗകര്യമോ വിദ്യാർഥികൾക്ക് ഇരുന്നു പഠിക്കാനുള്ള ക്ലാസ് മുറികളോ താമസിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങളോ ഇല്ലെന്നാണ് പരാതി.
നിലവിൽ എംബിബിസ് ബാച്ച് വിദ്യാർഥികൾ പഠിക്കുന്ന ക്ലാസ് മുറികളിലാണ് ഇവർക്കും ക്ലാസ് നടത്തുന്നത്. ഈ സൗകര്യങ്ങൾ കാണിച്ചാണ് കോളജ് അധികൃതർ ഐഎൻസി അംഗീകാരം നേടിയത്. അടുത്ത സാന്പത്തികവർഷം വീണ്ടും അന്വേഷണത്തിന് വരുന്പോൾ കുട്ടികൾക്ക് പഠിക്കുന്നതിന് മതിയായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ഐഎൻസി അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
ആദ്യ ബാച്ചിലെ കുട്ടികൾ പ്രവേശനത്തിന് എത്തിയപ്പോൾ അധികൃതർ കുട്ടികൾക്കായി ഒരുക്കിയ ഹോസ്റ്റലിൽ ഭക്ഷണം പോലും ലഭ്യമാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഒരു മുറിയിൽ 15 മുതൽ 18 വരെ കുട്ടികളെയാണ് താമസിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് ഒരു കുട്ടിയുടെ പക്കൽനിന്നു വാടകയിനത്തിൽ 2,200 രൂപയും മെസ് ഫീസായി 3,000 രൂപയും വാങ്ങുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ ജില്ലയിൽനിന്നുള്ള മന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ല.
അതിനാൽ കുട്ടികൾക്ക് ഐഎൻസി അംഗീകാരം നഷ്ടപ്പെടാതെ പഠിക്കുന്നതിനും താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മതിയായ സൗകര്യം ഒരുക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് വിദ്യാർഥികളുടെയും തീരുമാനം.