സഞ്ചാരികളുടെ തിരക്ക് വർധിച്ചു; പ്രതീക്ഷയോടെ ഈറ്റ നെയ്ത്ത് തൊഴിലാളികൾ
1485971
Tuesday, December 10, 2024 8:11 AM IST
അടിമാലി: തണുപ്പുകാലം ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. അടിമാലി മച്ചിപ്ലാവ് മേഖലയില്‍ ഈറ്റ നെയ്ത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്കും സഞ്ചാരികളുടെ തിരക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍നിന്നെത്തിയ പരമ്പരാഗത ഈറ്റ നെയ്ത്ത് തൊഴിലാളികളാണിവര്‍. അക്കാലത്ത് നൂറിലധികം കുടുംബങ്ങള്‍ ഇവിടുണ്ടായിരുന്നു. ഇന്നു കുറച്ച് പേര് മാത്രമാണ് ഈറ്റ നെയ്ത്ത് തൊഴിലുമായി ഇവിടെ അവശേഷിക്കുന്നത്. മഴക്കാലമാരംഭിച്ചതു മുതല്‍ കച്ചവടം കുറഞ്ഞതോടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. കുട്ടയും മുറവും മുതല്‍ വിവിധ അലങ്കാര വസ്തുക്കള്‍ വരെ ഇവര്‍ ഈറ്റയില്‍ മനോഹരമായി നെയ്തെടുക്കും. സഞ്ചാരികള്‍ കൂടുതലായി എത്തുന്നതോടെ മെച്ചപ്പെട്ട കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍.