അടി, തിരിച്ചടി: എം.എം. മണിക്കെതിരേ കേസെടുക്കണം- കോണ്‍ഗ്രസ്
1485976
Tuesday, December 10, 2024 8:11 AM IST
നെടുങ്കണ്ടം: എം.എം. മണി എംഎല്‍എ നടത്തിയ പരസ്യ വെല്ലുവിളിക്കും ഭീഷണിക്കുമെതിരേ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധിയായ എം.എം. മണിയുടെ വെല്ലുവിളികള്‍ നാടിനും പൊതുസമൂഹത്തിനും ആപത്തായി മാറിക്കൊണ്ടിരിക്കുകയാണ്.
പ്രശസ്തിക്കുവേണ്ടി എം.എം. മണി നടത്തുന്ന ഇത്തരം തരംതാണ ആഹ്വാനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കെ.കെ. രമ എംഎല്‍എയ്ക്കെതിരേ നിയമസഭയില്‍ ഭീഷണി, മൂന്നാറ്റിലെ പൊമ്പിളൈ ഒരുമൈ നേതാവിനെ പരസ്യമായി അവഹേളിക്കല്‍, വനിത കോളജ് പ്രിന്‍സിപ്പലിനെ മോശമായി ചിത്രീകരിക്കല്‍, കഴിഞ്ഞ പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ പരസ്യമായി ആക്ഷേപിച്ചത് തുടങ്ങിയവ ഇവയില്‍ ചിലതുമാത്രമാണ്.
സിപിഎമ്മില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും അണികളെ പിടിച്ചുനിര്‍ത്താനുമാണ് അടി, തിരിച്ചടി പ്രയോഗങ്ങള്‍ എം.എം. മണി നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പാളിച്ചകള്‍, രൂക്ഷമായ വിലക്കയറ്റം, ക്ഷേമപെന്ഷന് കുടിശിഖ, സിഎച്ച്ആര്‍ പ്രശ്നം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചചെയ്യപ്പെടാതിരിക്കാനും കൂടിയാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. എം.എം. മണിയുടെ വിവാദ പ്രസ്താനവയ്ക്കെതിരേ കോണ്‍ഗ്രസ് പരാതി നല്‍കുമെന്ന് ഡിസിസി ജന. സെക്രട്ടറി ജി. മുരളീധരന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് സി.എസ്. യശോധരന്, ടോമി ജോസഫ്, ടോമി കരിയിലക്കുളം, പാപ്പച്ചന് മൂലേക്കളത്തില് എന്നിവര്‍ പറഞ്ഞു.