ചേമ്പളത്ത് സ്കൂള്‍ പരിസരത്തേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നു
1486529
Thursday, December 12, 2024 7:24 AM IST
നെടുങ്കണ്ടം: ചേമ്പളത്ത് സ്കൂള്‍ പരിസരത്തേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിട്ടതായി പരാതി. ചേമ്പളം സെന്റ്് മേരീസ് എല്‍പി സ്കൂളിന്റെ പാചകപ്പുരയിലേക്കും മുറ്റത്തേക്കും കന്യാസ്ത്രീ മഠത്തിലേക്കുമാണ് മാലിന്യങ്ങള്‍ ഒഴുകിയെത്തിയത്. സ്കൂളിന്റെ സമീപത്തുള്ള ഒരു വ്യക്തി സ്ഥിരമായി സ്കൂള്‍ പരിസരത്തേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായി പിടിഎ ഭാരവാഹികള്‍ പറഞ്ഞു. ഇത് അവസാനിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായിട്ടില്ല.
ഇയാളുടെ മീന്കുളത്തിലെയും ചാണകക്കുഴിയിലെയും മറ്റു മാലിന്യങ്ങളും സ്ഥിരമായി ഒഴുക്കിവിടുകയാണ്. അസഹനീയമായ ദുര്‍ഗന്ധമാണ് സ്കൂള്‍ പരിസരത്ത്.
250 ഓളം കൊച്ചുകുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന വിധമാണ് കഴിഞ്ഞ ദിവസം മാലിന്യം ഒഴിക്കിയത്. ഒഴുകിയെത്തിയ മാലിന്യങ്ങള്‍ പാചകപ്പുരയ്ക്ക് ഉള്ളിലേക്ക് കയറിയതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും തടസപ്പെട്ടു.
സംഭവം സംബന്ധിച്ച് പാമ്പാടുംപാറ പഞ്ചായത്തില്‍ സ്കൂള്‍ അധികൃതര്‍ പരാതി നല്കി. പഞ്ചായത്ത് പ്രസിഡനന്റ് ജോസ് തെക്കെക്കുറ്റ് സ്ഥലത്തെത്തുകയും മാലിന്യം നീക്കം ചെയ്യാന്‍ അയല്‍വാസിയോട് ആവശ്യപ്പെടുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.