കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചതായി പരാതി
1477866
Sunday, November 10, 2024 3:37 AM IST
കുമളി: ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി ബസ് പാർക്കിംഗ് സ്ഥലത്ത് സിപിഎം തേക്കടി ലോക്കൽ കമ്മിറ്റി സ്ഥാപിച്ച സ്തൂപത്തിൽ ബസ് തട്ടിയെന്നാരോപിച്ച് ഒരു സംഘമാളുകൾ കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചു.
ഇന്നലെ പുലർച്ചെ മൂന്നോടെ നെടുങ്കണ്ടം-കുമളി വഴി കോട്ടയത്തിനുള്ള ബസിലെ കണ്ടക്ടർ നന്ദു ഗോപകുമാറിനാണ് (48) മർദനമേറ്റത്. ബസിന്റ ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. തേക്കടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡിൽ സ്തൂപം സ്ഥാപിച്ചത്.
കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനായി വിട്ടുനൽകിയ സ്ഥലത്താണ് സ്തൂപം സ്ഥാപിച്ചത്. കെഎസ്ആർടിസി ബസ് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സാഹചര്യമാണിപ്പോൾ. ബസിൽ കയറിയ യാത്രക്കാരന്റെ കൈ തട്ടിയാണ് സ്തൂപത്തിന്റെ മുൻഭാഗം മറിഞ്ഞതെന്നും പറയപ്പെടുന്നു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിശദീകരണം.
അതേ സമയം ട്രിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതി നൽകാൻ കെഎസ്ആർടിസി അധികൃതരും തയാറായിട്ടില്ല. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കുമളിയിൽ തിരക്കു വർധിച്ചിട്ടുണ്ട്. കെഎസ്ആർടിസി ദീർഘദൂര സർവീസ് ബസുകൾ ഉൾപ്പെടെ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
സ്ഥലപരിമിതി പ്രധാനപ്രശ്നമായ ബസ് സ്റ്റാൻഡിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നത് യാത്രക്കാർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.