അസൗകര്യങ്ങളുടെ നടുവിൽ ജില്ലാ കലോത്സവം: പ്രതിഷേധം ശക്തം
1477865
Sunday, November 10, 2024 3:37 AM IST
തൊടുപുഴ: ഇത്തവണത്തെ റവന്യു ജില്ലാ കലോത്സവം കഞ്ഞിക്കുഴിയിൽ നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധമുയരുന്നു. 26 മുതൽ 30 വരെ നങ്കിസിറ്റി ശ്രീനാരായണ എച്ച്എസ്എസിലാണ് കലോത്സവം. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള പ്രദേശത്ത് കലോത്സവം നടത്താനുള്ള തീരുമാനമാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. ഇടവിട്ടുള്ള വർഷങ്ങളിൽ ലോറേഞ്ചിലും ഹൈറേഞ്ചിലുമായാണ് കലോത്സവം നടത്തിവന്നിരുന്നത്.
കഴിഞ്ഞവർഷം കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസിലാണ് കലോത്സവം നടന്നത്. അതിനാൽ ഈ വർഷം ലോറേഞ്ചിലെ തൊടുപുഴ മേഖലയിലെ ഏതെങ്കിലും സ്കൂളിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതുവരെ തുടർന്നുവന്നിരുന്ന പതിവ് തെറ്റിച്ച് ഇത്തവണ ഹൈറേഞ്ചിലേക്ക് കലോത്സവം മാറ്റുകയായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 4,000 ത്തോളം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരയക്കുന്നത്.
മത്സരവേദികൾ, താമസസൗകര്യം, യാത്രാസൗകര്യം, ഭക്ഷണം, അടിയന്തരഘട്ടങ്ങളിലെ ചികിത്സ തുടങ്ങി നിരവധി കാര്യങ്ങൾ മേളയുടെ ഭാഗമായി ക്രമീകരിക്കേണ്ടതുണ്ട്. ഹൈറേഞ്ചിൽനിന്നും ലോറേജിൽനിന്നും ദീർഘദൂരം യാത്ര ചെയ്തെത്തുന്ന മത്സരാർഥികളുടെ പ്രകടനത്തെ പോലും ബാധിക്കുന്ന തരത്തിലാണ് ഇത്തവണ വേദി നിശ്ചയിച്ചിട്ടുള്ളതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രാത്രി വൈകിയാണ് പലപ്പോഴും മത്സരങ്ങൾ അവസാനിക്കുന്നത്. ഇതിനുശേഷമാണ് പലരും വീടുകളിലേക്ക് മടങ്ങുന്നത്.
പരിമിതമായ യാത്രാസൗകര്യങ്ങളും റോഡുകളും രാത്രി വൈകിയുള്ള യാത്രയെ ദുരിതത്തിലാക്കും. കുട്ടികൾക്കടക്കം അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ കിലോമീറ്ററുകൾ സഞ്ചരിച്ചാലെ അത്യാവശ്യ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്താനാകൂ.
ഒന്നോ രണ്ടോ കുട്ടികൾ മാത്രം പങ്കെടുക്കുന്ന ചെറിയ സ്കൂളുകളാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ഇവരുടെ യാത്ര പലപ്പോഴും ദുരിതത്തിലാകും. അസൗകര്യങ്ങൾ ഏറെയുള്ള സ്ഥലത്ത് കലോത്സവം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം.