കുട്ടികളിൽ പുഞ്ചിരി വിരിയാൻ "ചിന്ന ചിന്ന ആശൈ' പദ്ധതി
1477859
Sunday, November 10, 2024 3:37 AM IST
ഇടുക്കി: ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ "ചിന്ന ചിന്ന ആശൈ' പദ്ധതിയുമായി ജില്ലാ ഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള 1084 കുട്ടികൾക്ക് ജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു.
വനിതാ ശിശുവികസനവകുപ്പിന്റെ അംഗീകാരമുള്ള ജില്ലയിലെ 43 ചൈൽഡ് ഹോമുകളിലുള്ള കുട്ടികളിൽനിന്നു അവരുടെ ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെണ്‍കുട്ടികളും 444 ആണ്‍കുട്ടികളുമാണ് ശിശുസംരക്ഷണ കേന്ദ്രങ്ങളിലുള്ളത്.
സമ്മാനം നൽകാൻ താത്പര്യമുള്ളവർക്ക് ജില്ലയുടെ ഒൗദ്യോഗിക വെബ്സൈറ്റായ idukki.nic.in സന്ദർശിച്ച് കുട്ടികളുടെ ആഗ്രഹങ്ങൾ കാണാം. ഹോം പേജിലെ ബാനറോ നോട്ടീസ് ടാബിലെ അറിയിപ്പുകൾ ഓപ്ഷനോ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ചൈൽഡ് ഹോമുകളുടെ വിവരങ്ങൾ ഉണ്ട്.
ഇതിൽനിന്നു താത്പര്യമുള്ള സ്ഥാപനങ്ങളെ സെലക്ട് ചെയ്താൽ ചൈൽഡ് ഹോമിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ലഭിക്കും. ആ പേജിൽ കുട്ടികളുടെ പേര് വെളിപ്പെടുത്താതെ കുട്ടിയുടെ ഐഡി നന്പറും വയസും ജൻഡറും ആഗ്രഹവും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമ്മാനം നൽകാൻ താത്പര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതലോ കുട്ടികളെ സെലക്ട് ചെയ്യാം. തുടർന്ന് തങ്ങളുടെ പേര്, ഫോണ്‍ നന്പർ, വിലാസം എന്നിവ നൽകണം.
സമ്മാനം ശിശുദിനത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി അനുവദിക്കുന്ന സമയത്ത് അതത് ചൈൽഡ് ഹോമുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് കൈമാറാം. അല്ലെങ്കിൽ സെലക്ട് ചെയ്യുന്ന കുട്ടിയുടെ ഐഡി നന്പറും ജനനത്തീയതിയും രേഖപ്പെടുത്തി അതത് ചൈൽഡ് ഹോമിലേക്ക് കൊറിയർ ചെയ്യാം.
ചൈൽഡ് ഹോമുകളുടെ മേൽവിലാസം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റിൽ സജീകരിച്ചിട്ടുള്ള കണ്ട്രോൾ റൂമിലോ നേരിട്ട് എത്തിക്കാം. സമ്മാനപ്പൊതിയുടെ പുറത്ത് ചൈൽഡ് ഹോമിന്റെ പേര്, കുട്ടിയുടെ ഐഡി നന്പർ, ജനനത്തീയതി എന്നിവ രേഖപ്പെടുത്തണം.
പദ്ധതി സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 9656402182 എന്ന നന്പറിൽ വാട്സ് ആപ്പ് സന്ദേശം അയക്കാം. ചൈൽഡ് ഹോമുകളിലെ എല്ലാ കുട്ടികൾക്കുമായി പൊതുവായി പ്രയോജനപ്പെടുത്താവുന്ന, പ്രായത്തിനനുസരിച്ചുള്ള സൈക്കിൾ, ടിവി പോലുള്ള സമ്മാനങ്ങൾ കളക്ടറേറ്റിലെയോ, താലൂക്ക് ഓഫീസുകളിലെയോ കണ്ട്രോൾ റൂമിൽ നേരിട്ടെത്തിക്കുകയോ ചെയ്യാം.
ഒരു കുട്ടിയുടെ ആഗ്രഹം സ്പോണ്സർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ, കുട്ടിയുടെ ഐഡി അടക്കമുള്ള വിവരങ്ങൾ ലിസ്റ്റിൽനിന്നും ഒഴിവാകുന്ന രീതിയിലാണ് വെബ്പേജ് സജീകരിച്ചിട്ടുള്ളത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാഭരണകൂടം പദ്ധതി നടപ്പാക്കുന്നത്.
വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിവുള്ളവർ മുന്നോട്ടുവരണമെന്ന് കളക്ടർ അഭ്യർഥിച്ചു.