മരപ്പണിയിൽ തുടർച്ചയായി സനലിന്റെ തേരോട്ടം
1465989
Sunday, November 3, 2024 4:23 AM IST
കുമളി: ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്നടി ചതുരത്തിലുള്ള മനോഹരമായ ഡെനിംഗ് ടേബിളും രണ്ട് കസേരയും കൊരണ്ടിയും ചിരവയും നിർമിച്ചാണ് ഇത്തവണ സനൽ ജയേഷ് വുഡ് മേക്കിംഗിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. കരിങ്കുന്നം സെന്റ് അഗസറ്റിൻസ് വിദ്യാർഥിയായ സനൽ കഴിഞ്ഞ വർഷം കട്ടിൽ നിർമിച്ച് സംസ്ഥാന തലത്തിലടക്കം വലിയ പ്രശംസ നേടിയിരുന്നു.
ഒന്നാം ക്ലാസു മുതൽ മൽസര രംഗത്തുള്ള സനൽ ജില്ലാ തല ഒന്നാം സ്ഥാനവുമായി സ്കൂൾ വിഭാഗത്തിലെ അവസാന അങ്കത്തിനാണ് ഇത്തവണ ആലപ്പുഴയിലേക്ക് വണ്ടി കയറുന്നത്. പുതിയ മോഡൽ കട്ടിൽ നിർമാണത്തിലൂടെ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയും സനലിനുണ്ട്.
മരപ്പണിക്കാരനായ അച്ഛൻ ജയേഷ് കുമാറിന്റെ നിർമാണ രീതികൾ കണ്ടാണ് താൻ ഈ മേഖലയിലേക്ക് വന്നതെന്ന് സനൽ പറഞ്ഞു. അമ്മ ആതിരയും സഹോദരൻ സജിലും മികച്ച സപ്പോർട്ടായി സനലിനൊപ്പമുണ്ട്.