ശാസ്ത്ര വിസ്മയ മേളം
1465982
Sunday, November 3, 2024 4:18 AM IST
കുമളി: കുട്ടിശാസ്ത്രജ്ഞൻമാരുടെ മനസിൽ വിരിഞ്ഞ ആശയങ്ങളുടെ നേർക്കാഴ്ചകളും മിടുക്കൻമാരുടെയും മിടുക്കികളുടെയും കരവിരുതിൽ മെനഞ്ഞ വിസ്മയകലാരൂപങ്ങളുമായി റവന്യു ജില്ലാ ശാസ്ത്രോത്സവം കുമളിയിൽ നടന്നു.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി വിഭാഗങ്ങളിലായി 2500 കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. കുമളി ഗവ. വിഎച്ച്എസ്, അട്ടപ്പള്ളം സെന്റ് തോമസ് എച്ച്എസ്എസ്, അമരാവതി ഗവ. എച്ച്എസ്എസ്, മുരിക്കടി എംഎഐഎച്ച്എസ് എന്നിവിടങ്ങളിലായിരുന്നു വേദികൾ. രാവിലെ ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാകുന്നേൽ മേള ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്. ഷാജി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശാന്തി ഷാജിമോൻ, നോളി ജോസഫ്, എൽ. ശങ്കിലി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.