തട്ടിപ്പ്: സെക്രട്ടറിയെ ഹെഡ് ഓഫീസിലെത്തിച്ച് തെളിവെടുത്തു
1465980
Sunday, November 3, 2024 4:18 AM IST
നെടുങ്കണ്ടം: ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സംഘത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ സെക്രട്ടറിയെ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
സംഘം സെക്രട്ടറിയായ തൂക്കുപാലം സ്വദേശിനി ആറ്റിന്‍കടവില്‍ എന്‍.പി. സിന്ധുവിനെയാണ് ക്രൈം ബ്രാഞ്ച് സംഘം നെടുങ്കണ്ടത്ത് എത്തിച്ചത്. ഇവരോടൊപ്പം ഒരു മുന്‍ ഭരണസമിതി അംഗത്തെയും ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ചു. മറ്റ് രണ്ട് മുന്‍ ഭരണസമിതി അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നെങ്കിലും ഇവര്‍ എത്തിയില്ല. ഇവരെ മറ്റൊരു ദിവസം ചോദ്യം ചെയ്യും.
പരിശോധനയില്‍ അമിത പലിശയ്ക്ക് ഡിപ്പോസിറ്റ് വാങ്ങിയതായും വ്യാജ പേരുകളില്‍ 88 ചിട്ടികള്‍ നടത്തിയിരുന്നതായും കണ്ടെത്തി. അമിത പലിശ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപം നടത്തിയവര്‍ക്ക് പണം തിരികെ നല്‍കുന്നതിനായാണ് വ്യാജ ചിട്ടികള്‍ നടത്തിയതെന്നാണ് സിന്ധു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
എന്നാല്‍ ഈ പണം ഹെഡ് ഓഫീസില്‍ എത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്് കണ്ടെത്തി. കുമളി ബ്രാഞ്ചില്‍ 1.28 കോടി രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സെക്രട്ടറി സിന്ധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.