റോഡരികിൽ മത്സ്യ-മാംസ മാലിന്യം
1465973
Sunday, November 3, 2024 4:06 AM IST
കട്ടപ്പന: കട്ടപ്പന-ഇടുക്കി റോഡിൽ വെള്ളയാംകുടി എസ്എംഎൽ സ്ഥാപനത്തിന് എതിർവശം റോഡരികിൽ സാമൂഹ്യവിരുദ്ധർ മത്സ്യ -മാംസ മാലിന്യ ജലം ഒഴുക്കി. മത്സ്യ മാംസ അവശിഷ്ടമുൾപ്പെടെയുള്ള രക്തമയമായ മലിന ജലം ഒഴുകി വ്യാപിച്ചതോടെ പ്രദേശമാകെ അസഹ്യമായ ദുർഗന്ധമായിരിക്കുകയാണ്. കോഴിവേസ്റ്റ് ഉൾപ്പെടെ ഇവിടെ ചിതറി കിടന്നിരുന്നതായും പരാതി ഉയർന്നു.
ശനിയാഴ്ച വെളുപ്പിന് മൂന്നോടെ മത്സ്യമൊത്ത വ്യാപാരികളുടേതെന്നു തോന്നിക്കുന്ന വലിയ വാഹനം ഇവിടെ നിർത്തിയിട്ടിരിക്കുന്നതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഇതിൽനിന്ന് ഒഴുക്കിവിട്ടതാകാം മലിനജലമെന്നാണ് പ്രദേശവാസികൾ പറയുന്നത്.നാട്ടുകാർ അറിയിച്ചതിനെതുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തി. തുടർന്ന് മലിന ജലം ഒഴുകിയ ഭാഗം മണ്ണിട്ട് മൂടി.
ഇത്തരത്തിൽ ഇവിടെ മലിനജലം ഒഴുക്കുന്നത് പതിവാണെന്നും കഴിഞ്ഞ ആഴ്ചകളിലും ഇതേ സംഭവം ആവർത്തിച്ചതായും അധികൃതർ ഉടൻതന്നെ ഇത്തരത്തിൽ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.