സിഎച്ച്ആർ: യുഡിഎഫ് സമര പ്രഖ്യാപന കണ്വൻഷൻ 16ന്
1465970
Sunday, November 3, 2024 4:06 AM IST
തൊടുപുഴ: സിഎച്ച്ആർ വിഷയത്തിൽ യുഡിഎഫ് ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ച് 16ന് ചെറുതോണി ടൗണ്‍ഹാളിൽ സമരപ്രഖ്യാപന കണ്വൻഷൻ നടത്തുമെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. യുഡിഎഫ് കണ്‍വീനർ എം. എം. ഹസൻ ഉദ്ഘാടനം ചെയ്യും.
സുപ്രീംകോടതിയിൽനിന്നു കർഷകർക്കെതിരായ വിധി സന്പാദിക്കുന്നതിന് പരിസ്ഥിതിവാദികളെ സഹായിച്ച എൽഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കും 1964-ലെ നിയമമനുസരിച്ചുള്ള ഭൂമിയിലെ കെട്ടിട നിർമാണ നിരോധനം, മൂന്നാർ മേഖലയിൽ ദുരന്തനിവാരണ നിയമമനുസരിച്ചുള്ള നിർമാണ നിരോധനം,
റവന്യു ഭൂമി വ്യാപകമായി റിസർവ് വനമാക്കുന്നസർക്കാർ ഉത്തരവുകൾ, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് കണ്വൻഷൻ നടത്തുന്നത്.
ഇതിനു പുറമേ ഭൂവിഷയങ്ങളിൽ ഇടതുപക്ഷത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജില്ലയിൽ വാഹനജാഥയും മണ്ഡലങ്ങളിൽ വിചാരണ സദസും സംഘടിപ്പിക്കും. പരിപാടികളുടെ വിജയത്തിനായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികൾ അഞ്ചിന് ഇടുക്കിയിലും ആറിന് പീരുമേട്, ദേവികുളം, ഏഴിന് ഉടുന്പൻചോല, എട്ടിന് തൊടുപുഴ എന്നിവിടങ്ങളിൽ യോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.