നിർദിഷ്ട കുന്നം-തൊടുപുഴ ബൈപാസ്; ശാസ്ത്രീയ പഠനമില്ലാതെ നടപ്പാക്കരുത്: വികസന സമിതി
1454189
Wednesday, September 18, 2024 11:36 PM IST
മുതലക്കോടം: ഉടുന്പന്നൂർ-തൊടുപുഴ റോഡിലെ കുന്നം മുതൽ മങ്ങാട്ടുകവല വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരമായി ഉയർത്തിക്കാട്ടുന്ന കുന്നം-തൊടുപുഴ ബൈപാസ് അശാസ്ത്രീയമാണെന്ന് മുതലക്കോടം വികസനസമിതി ആരോപിച്ചു. പദ്ധതിയുടെ കൂടുതൽ ഭാഗവും കടന്നു പോകുന്നത് ഈ മേഖലയിലെ പ്രധാന തണ്ണീർത്തടങ്ങളിലൂടെയാണ്. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, രണ്ട് നഴ്സിംഗ് കോളജുകൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, രണ്ടായിരത്തിലധികം കുടുംബങ്ങൾ എന്നിവ ഈ മേഖലയിലുണ്ട്. ഇവയുടെ പ്രധാന കുടിവെള്ള സ്രോതസാണ് ഈ തണ്ണീർത്തടങ്ങൾ. ഇത് നശിപ്പിക്കുന്ന പദ്ധതി അംഗീകരിക്കാനാവില്ല.
നിലവിലുള്ള പട്ടയംകവല-കാരിക്കോട് റോഡ് കൈയേറ്റമൊഴിപ്പിച്ച് വികസിപ്പിച്ചാൽ കുന്നം മുതൽ മങ്ങാട്ടുകവല വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഉടുന്പന്നൂർ-തൊടുപുഴ റോഡിലെ കൈയേറ്റങ്ങളും അനധികൃത കച്ചവടങ്ങളും ഒഴിപ്പിച്ച് റോഡ് വികസനം നടപ്പാക്കണം. ഇത് നടപ്പാക്കിയാൽ നിർദിഷ്ട ബൈപാസിന് വേണ്ടി വരുന്ന ചെലവിന്റെ നാലിലൊന്നുപോലും ഇതിനു വേണ്ടി വരില്ല.
ബൈപാസിനുവേണ്ടി മുറവിളി കൂട്ടുന്നവർക്ക് ഗൂഢലക്ഷ്യമുണ്ടെന്നും സമിതി വിലയിരുത്തി. ഇതു സംബന്ധിച്ച് ആയിരം പേർ ഒപ്പിട്ട ഭീമഹർജി ബന്ധപ്പെട്ട അധികാരികൾക്ക് നൽകി. യോഗത്തിൽ ചെയർമാൻ എൻ.യു ജോണ്‍, കണ്‍വീനർ ജോസ് ഓലേടം, ജോസ് കുന്നക്കാട്ട്, സേവ്യർ ആക്കപ്പടിക്കൽ, ജോയ് പള്ളത്ത്, ജെയിംസ് മാളിയേക്കൽ, വേണു ഇടവെട്ടി, ടോം.ജെ. കല്ലറക്കൽ, ജോസഫ് ചാക്കോ, ജെയിംസ് പള്ളിക്കമ്യാലിൽ എന്നിവർ പ്രസംഗിച്ചു.