നിയമനം പാസാകാതെ ദുരിതത്തിലായി അധ്യാപകർ
1450609
Wednesday, September 4, 2024 11:56 PM IST
തൊടുപുഴ: സംസ്ഥാനം ഇന്ന് ദേശീയ അധ്യാപക ദിനം ആചരിക്കുന്പോൾ അധ്യാപകരോടുള്ള അവഗണന തുടർക്കഥയാകുന്നു. നിയമനത്തിന്റെ പേരിലും സ്കൂളുകളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിന്റെ പേരിലും അധ്യാപകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. വിദ്യാർഥികൾക്ക് അറിവിന്റെ പാഠങ്ങൾ പകർന്നു നൽകുന്നതിനിടയിലും ഒരു വിഭാഗം അധ്യാപകർ ദുരിതക്കയത്തിലാണ്. നിയമനം അംഗീകരിക്കപ്പെടാത്തതിനാൽ എയ്ഡഡ് സ്കൂളുകളിലെ ഒട്ടേറെ അധ്യാപകർ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
ഭിന്നശേഷിക്കാർക്കുള്ള സംവരണത്തിന്റെ പേരിലാണ് എയ്ഡഡ് സ്കൂളുകളിലെ ഒരു വിഭാഗം അധ്യാപകരുടെ നിയമന അംഗീകാരം വൈകുന്നത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണം എന്ന് 2021 നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
1996 മുതൽ 2018 വരെ നടത്തിയ നിയമനങ്ങളിൽ മൂന്നു ശതമാനവും 2018 മുതൽ 2021 വരെ നാലു ശതമാനം വീതം ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവയ്ക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ സ്കൂളുകളിൽനിന്ന് ഹാജരാക്കിയെങ്കിലും ഇതിന്റെ വെരിഫിക്കേഷൻ നടപടികൾ ഉപജില്ലാതലത്തിൽ പൂർത്തിയാക്കാൻ അധികൃതർ തയാറായിട്ടില്ല.
ഇതു മൂലം നൂറുകണക്കിന് അധ്യാപകരാണ് വെട്ടിലായിരിക്കുന്നത്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാകാത്തതിനാൽ എയ്ഡഡ് സ്കൂളുകളിലെ ഒട്ടേറെ അധ്യാപകരുടെ നിയമനം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവർ വർഷങ്ങളായി ദിവസവേതന അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. സർക്കാരിനു മുന്നിൽ പല തവണ ഈ പ്രശ്നം ഉന്നയിച്ചിട്ടും ഭിന്നശേഷി സംവരണം ചൂണ്ടിക്കാട്ടി നിയമനം വൈകിക്കുകയാണ്. തൊടുപുഴ ഉപജില്ലയിൽ മാത്രം നൂറോളം പേർ ഇത്തരത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ജോലി സുരക്ഷിതമല്ലാത്തതിനാൽ പലരും ഇതുപേക്ഷിച്ച് മറ്റു മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി. മറ്റുള്ളവരാകട്ടെ എപ്പോഴെങ്കിലും സ്ഥിരംനിയമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും തുച്ഛമായ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി തുടരുകയാണ്.
പൊല്ലാപ്പായി ഉച്ചഭക്ഷണ വിതരണം
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രധാനാധ്യാപകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുട്ടികൾക്ക് ഉഭക്ഷണം നൽകുന്ന കാര്യത്തിൽ വീഴ്ച വരുത്താതെയാണ് അധ്യാപകർ സർക്കാർ ഉത്തരവു നടപ്പാക്കുന്നത്.
ഭക്ഷണ വിതരണത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്ന ഫണ്ട് പലപ്പോഴും മാസങ്ങൾക്കു ശേഷമാണ് അധ്യാപകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ചില അധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചതോടെ സർക്കാരിനു കോടതി കർശന നിർദേശം നൽകിയതോടെയാണ് പണം ലഭിച്ചത്. ഈ വർഷം കുട്ടികൾക്ക് പാലും മുട്ടയും നൽകാനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചെങ്കിലും രണ്ടു മാസമായി അധ്യാപകർക്ക് തുക ലഭിച്ചിട്ടില്ല. ഒരു കുട്ടിക്ക് ആഴ്ചയിൽ രണ്ടു തവണ പാലും ഒരു ദിവസം മുട്ടയും നൽകണം. പാലിനു 15 രൂപയും മുട്ടയ്ക്ക് ആറു രൂപയുമാണ് അനുവദിക്കുന്നത്. ഇത് ലഭിക്കാതായതോടെ വീണ്ടും അധ്യാപക സംഘടന കോടതിയെ സമീപിച്ചിരിക്കുകയാണ്.
ജോലിഭാരം ഇരട്ടി
ഇതിനിടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേക്ഷനുമായി ബന്ധപ്പെട്ടുള്ള സ്റ്റേറ്റ് അച്ചീവ്മെന്റ് പരീക്ഷയും അധ്യാപകർക്ക് തലവേദനയായി മാറുകയാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലുള്ള പ്രതിവാര പരീക്ഷകൾ നടത്തി മൂല്യനിർണയും നടത്തുന്നതിനു പുറമേ ഇതിന്റെ വിലയിരുത്തലുകളും അധ്യാപകർ നടത്തണം.
പരീക്ഷയിൽ കുട്ടികൾ എത്ര ചോദ്യത്തിന് ഉത്തരമെഴുതി, ശരിയെത്ര, തെറ്റു വരുത്തിയതെത്ര എന്നിവ കണക്കാക്കി ഇതിന്റെ ശരാശരി കണ്ടെത്തി രേഖപ്പെടുത്തണം. ഇതിനു പുറമെ കുട്ടികളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തണം. ഇതു സംബന്ധിച്ച് വിഷയം പഠിപ്പിക്കുന്ന അധ്യാപകർ അന്നേ ദിവസം തന്നെ വിലയിരുത്തിൽ നടത്തി ഇതിന്റെ വിശകലനം നടത്തണം.
അധ്യയനത്തിനു പുറമേ മറ്റു വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടെ ഇപ്പോൾ തന്നെ അധിക ജോലി ഭാരം പേറുന്ന അധ്യാപകർക്കാണ് ഇത്തരം പരീക്ഷകൾകൂടി ഏറ്റെടുക്കേണ്ടി വരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനു പുറമെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എഇ, സൂപ്രണ്ട് തസ്തികളിൽ നിയമനം നടക്കാത്തതു മൂലം അധ്യാപകരുടെ ഡിപ്പാർട്ട്മെന്റ് തല നടപടികൾ തടസപ്പെടുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.