പരിശുദ്ധ കന്യകമറിയം രക്ഷയുടെ കവാടം: കർദിനാൾ മാർ ആലഞ്ചേരി
1450607
Wednesday, September 4, 2024 11:56 PM IST
കാഞ്ഞിരപ്പള്ളി: രക്ഷയുടെ കവാടമാണ് പരിശുദ്ധ കന്യകമറിയമെന്ന് സീറോ മലബാർ സഭാ മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി.
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായിട്ടുള്ള എട്ടുനോന്പാചരണം നമ്മെയും രക്ഷയുടെ അനുഭവത്തിലേക്ക് ആനയിക്കും.
കുടുംബത്തിൽ ഒന്നുചേർന്നുനിന്നുകൊണ്ട് മക്കളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
നന്മയ്ക്കുവേണ്ടി നിലകൊണ്ട് സംസാരിക്കുന്പോൾ നന്മയുടെ വാക്കുകൾ നമ്മിൽനിന്ന് വരുമെന്നും മറ്റുള്ളവരുടെ നന്മ കാണാൻ പരിശ്രമിക്കണമെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
നാളെ വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കലും ഏഴിന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലും എട്ടിന് വൈകുന്നേരം 4.30ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.