പൊന്നോണം വർണാഭമാക്കാൻ പൂവിപണി ഒരുങ്ങി
1450411
Wednesday, September 4, 2024 6:11 AM IST
തൊടുപുഴ: അത്തം പുലരുന്നതോടെ ഓണത്തിന്റെ വരവറിയിച്ച് ഇനി പൂക്കളങ്ങളൊരുങ്ങും. എന്നാൽ മലയാളിക്ക് പൂക്കളമൊരുക്കണമെങ്കിൽ ഇത്തവണയും അന്യസംസ്ഥാനത്തെ പൂപ്പാടങ്ങളിൽനിന്നു പൂക്കളെത്തണം. ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് പൂക്കൾ എത്തിത്തുടങ്ങി.
തമിഴ്നാട്ടിലെ തോവാള, ശീലയം പെട്ടി എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ മധുരയിലെ മാട്ടുത്താവണി, കോയന്പത്തൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട്, ഹൊസൂർ, ബംഗളുരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വൻതോതിൽ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്.
വിവിധ തരത്തിലുള്ള പൂക്കളാണ് ഇവിടെ നൂറുകണക്കിന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇതിനു പുറമേ ഇവിടെ പ്രാദേശിക തലത്തിൽ കൃഷി ചെയ്യുന്ന പൂക്കളും ഇത്തവണ പൂക്കടകളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. നേരത്തേ തൊടികളിൽനിന്നു ധാരാളമായി ലഭിച്ചിരുന്ന നാടൻ പൂക്കൾ ഇപ്പോൾ കിട്ടാനില്ലാത്തതിനാൽ വില കൊടുത്തു വാങ്ങുന്ന പൂക്കളുപയോഗിച്ചാണ് പൂക്കളമൊരുക്കുന്നത്.
അത്തംമുതൽ ഓണംവരെ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൂക്കളുടെ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. അത്തം മുതൽ തിരുവോണം വരെ പൂക്കൾ വാങ്ങാനായി ആവശ്യക്കാരേറും. അത്തപ്പൂക്കളം ഒരുക്കാനും ഓണക്കച്ചവടത്തിനായി വ്യാപാര സ്ഥാപനങ്ങൾ അലങ്കരിക്കാനുമാണ് പൂക്കൾ ധാരാളമായി ഉപയോഗിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അത്തം മുതൽ പൂക്കളമൊരുക്കി തുടങ്ങും. ഇതിനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരങ്ങളും നടക്കും. ഇതോടെയാണ് പൂക്കൾക്ക് ഡിമാന്ഡ് കൂടുന്നത്.
വർണവൈവിധ്യം നിറച്ച് പൂക്കൾ
വിവിധ വർണങ്ങളിലുള്ള പൂക്കളാണ് ഓണക്കാലത്തെ നിറച്ചാർത്തു പകരുന്നത്. ചെണ്ടുമല്ലി, ജമന്തി, റോസ്, അരളി, മുല്ല, വാടാമുല്ല, കോഴിപ്പൂവ് എന്നിവയാണ് പ്രധാനമായും ഓണത്തിന് വിൽപ്പനയ്ക്കെത്തുന്നത്. ഓണക്കാലത്ത് പൂക്കളുടെ വിപണിസാധ്യത കണക്കിലെടുത്ത് ജില്ലയിൽ ചിലയിടങ്ങളിൽ പ്രദേശികമായി ജമന്തിയും മറ്റും കൃഷി ചെയ്തു വരുന്നുണ്ട്.
ഉടുന്പന്നൂർ കർഷക വിപണിയുടെ നേതൃത്വത്തിൽ ഇത്തവണ 2000 ചുവട് ജമന്തി കൃഷി ചെയ്ത് വിളവെടുത്തു. ഈ പൂക്കൾ തൊടുപുഴയിലെ പൂക്കടകളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. തമിഴ്നാട്ടിൽനിന്നുള്ളതിനേക്കാൾ നിറവും വലിപ്പവും കൂടുതലുള്ള പൂക്കളാണ് ഇവിടെ വിരിയുന്നത്.
എങ്കിലും ഓണത്തിന് പൂക്കളമൊരുക്കാൻ തമിഴ്നാട്ടിലെ പൂപ്പാടങ്ങളെ തന്നെ ആശ്രയിച്ചേ മതിയാകു. ഇവിടെ കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്കെടുക്കുന്ന പൂക്കൾ ഇടനിലക്കാർ മുഖേന കേളത്തിലെത്തുന്പോൾ വില പതിൻമടങ്ങാകും. ആവശ്യക്കാരേറെയായതിനാൽ പറയുന്ന വിലയ്ക്കാണ് വിപണിയിൽ പൂക്കളുടെ വ്യാപാരം നടക്കുന്നത്.
വില കൂടും
നിലവിൽ ജമന്തിപ്പൂക്കൾ കിലോയ്ക്ക് 170-180 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ജമന്തിപ്പൂക്കളാണ് വിൽപ്പനയ്ക്കുള്ളത്. വാടാമുല്ല-240, റോസ് -250, അരളി -250, റോസ് തെറ്റൽ -200 എന്നിങ്ങനെയാണ് ഓണക്കാലത്ത് വിൽപ്പന നടക്കുന്ന മറ്റു പൂക്കളുടെ വിൽപ്പന വില. മുല്ലപ്പൂ മാലയ്ക്ക് മീറ്ററിന് 140 ആണ് വില.
എന്നാൽ അത്തം തുടങ്ങുന്നതോടെ വില കുതിച്ചുയരുകയാണ് പതിവ്. പക്ഷെ ഇത്തവണ വിലയിൽ വലിയ തോതിലുള്ള വർധന ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. എങ്കിലും ഓണം അടുത്തെത്തുന്നതോടെ പൂക്കൾക്ക് ആവശ്യക്കാർ കൂടുന്നതിനാൽ നിലവിലുള്ള വിലയിൽനിന്നു വർധനവുണ്ടാകുമെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടി.
മുൻകൂർ ബുക്കിംഗ് ഇല്ല
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണാഘോഷത്തിന്റെ പൊലിമ കുറയുമെന്നാണ് സൂചന. കൂടുതൽ സ്ഥാപനങ്ങളും ഇത്തവണ ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തിരിക്കുകയാണ്. പലരും ഓണാഘോഷത്തിനായി മാറ്റിവച്ചിരുന്ന തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകിക്കഴിഞ്ഞു.
ഇത് പൂ വിപണിയെയും ബാധിച്ചതായി കച്ചവടക്കാർ പറയുന്നു. അത്തത്തിനു മുന്പുതന്നെ പല സ്ഥാപനങ്ങളും സംഘടനകളും പൂക്കൾ നേരത്തേ തന്നെ ബുക്ക് ചെയ്യുന്ന പതിവുണ്ടായിരുന്നു.
ഓണത്തോടനുബന്ധിച്ച് വിൽപ്പന വർധിക്കുന്നതിനാൽ പൂക്കൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നേരത്തേ തന്നെ പലരും പൂക്കൾ ബുക്ക് ചെയ്യുന്നത്. എന്നാൽ ഇത്തവണ ബുക്കിംഗ് കാര്യമായി ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. അതുകൊണ്ടുതന്നെ ഓണം കളറാക്കാനായി അതിർത്തി കടന്നുള്ള പൂക്കളുടെ വരവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറയുമെന്നാണ് വിലയിരുത്തൽ.