മുടങ്ങിയ വൈദ്യുത പദ്ധതികൾ പൂർത്തിയാക്കും: മന്ത്രി കൃഷ്ണൻകുട്ടി
1450410
Wednesday, September 4, 2024 6:11 AM IST
മൂലമറ്റം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മൂലമറ്റം കെഎസ്ഇബി സർക്യൂട്ട് ഹൗസിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.
300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതികളുടെ നിർമാണ പ്രവൃത്തികളുടെ അനിശ്ചിതത്വം പരിഹരിക്കാനും കാര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് നിയമസഭാ സബ്ജക്ട് കമ്മിറ്റി പള്ളിവാസലിലും മൂലമറ്റത്തും സന്ദർശനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പീക്ക് സമയങ്ങളിൽ വലിയ വില കൊടുത്താണ് കേരളം വൈദ്യുതി വാങ്ങുന്നത്. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിച്ചാൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ വാഴൂർ സോമൻ, പി. നന്ദകുമാർ, എ. പ്രഭാകരൻ, കെ.കെ. രാമചന്ദ്രൻ, അൻവർ സാദത്ത് എന്നിവരും പങ്കെടുത്തു. പള്ളിവാസൽ, ഇടുക്കി ഡാമുകൾ, മൂലമറ്റം പവർഹൗസ് എന്നിവിടങ്ങളാണ് നിയമസഭാ സബ്ജക്ട് കമ്മിറ്റി രണ്ടു ദിവസങ്ങളിലായി സന്ദർശനം നടത്തിയത്.