ഏറ്റവും വലിയ ആമശില്പം ആമപ്പാറയില്‍
1450403
Wednesday, September 4, 2024 6:11 AM IST
നെടുങ്കണ്ടം: ആമപ്പാറയുടെ പേര് അന്വര്‍ഥമാക്കുംവിധം ഏഷ്യയിലെ ഏറ്റവും വലിയ ആമ ശില്പം പൂര്‍ത്തിയായി. വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേടിന് സമീപമുള്ള ആമപ്പാറ ടൂറിസം ഡെസ്റ്റിനേഷന്‍ സെന്ററിലാണ് കൂര്‍മ എന്ന് പേര് നല്‍കിയിട്ടുള്ള ഭീമന് ആമ ശില്പം പൂര്‍ത്തിയായത്. സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ആമപ്പാറ. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ആമപ്പാറയില്‍ പൂര്‍ത്തിയായ ശില്പം ഇനി സഞ്ചാരികള്‍ക്ക് മറ്റൊരു കാഴ്ചയാകും.
42 അടി നീളവും 30 അടി വീതിയും 15 അടി ഉയരവും ഉള്ള ഭീമന് ശില്പം ഒന്നരവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. 35 ലക്ഷം രൂപ ചെലവിലാണ് ശില്പം നിര്‍മിച്ചത്. ശില്പത്തിനുള്ളിലേക്ക് കയറിയാല്‍ ഇടുക്കിയെ മൊത്തമായി ആവാഹിച്ച രീതിയിലുള്ള മിനിയേച്ചര്‍ ഗാലറിയും ഒരുക്കിയിട്ടുണ്ട്. ഇടുക്കി ആര്‍ച്ച് ഡാം, ഷട്ടര്‍ ഉയര്‍ത്തിയ ചെറുതോണി ഡാം, ചെറുതോണി പാലം, പ്രകൃതിദൃശ്യങ്ങള്‍, രാമക്കല്ല്, കുറവന്‍ കുറത്തി ശില്പം, മലമുഴക്കി വേഴാമ്പല്‍, തമിഴകത്തിന്റെ വിദൂര ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഇതിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.
പ്രദേശവാസിയായ ജോയി ഡാനിയേലാണ് ശില്പവും ശില്പത്തിനുള്ളിലെ ഗാലറിയും നിര്‍മിച്ചത്. ആമപ്പാറയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് സവാരിയും ഗുണാകേവിന് സമാനമായ ആമപ്പാറയും തമിഴ്നാടിന്റെയും പശ്ചിമഘട്ട മലനിരകളുടെയും വിദൂര കാഴ്ചയും ആസ്വദിക്കുന്നതിനൊപ്പം ഇനി കൂര്മയുടെ സൗന്ദര്യവും സഞ്ചാരികള്‍ക്ക് സ്വന്തം. ശില്പം ഏഴിന് എം.എം. മണി എംഎല്‍എ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.