ഇടുക്കി രൂപത മരിയൻ തീർഥാടനം: ഗതാഗത-പാർക്കിംഗ് ക്രമീകരണമായി
1450402
Wednesday, September 4, 2024 6:11 AM IST
രാജാക്കാട്: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് ഏഴിനു നടത്തുന്ന മരിയൻ തീർഥാടനത്തിനുള്ള ഗതാഗത പാർക്കിംഗ് ക്രമീകരണമായി.
കല്ലാർകുട്ടി, പന്നിയാർകുട്ടി ഭാഗങ്ങളിൽനിന്നു തീർഥാടകരുമായി വരുന്ന ചെറിയ വാഹനങ്ങൾ ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മുല്ലക്കാനം ഭാഗത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്കു ചെയ്യണം. തിങ്കൾക്കാട്, സ്ലീവാമല, കുത്തുങ്കൽ, പഴയവിടുതി ഭാഗങ്ങളിൽനിന്നു വരുന്ന ചെറിയ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.
രാവിലെ 10 മുതൽ തീർഥാടനം സമാപിക്കുന്നതുവരെ പൂപ്പാറ ഭാഗത്തുനിന്നു രാജാക്കാട് ഭാഗത്തേക്കു പോകുന്ന ഭാരവാഹനങ്ങൾ കുരുവിളാസിറ്റിയിൽനിന്നു കടുക്കാസിറ്റി-ഖജനാപ്പാറ-കുംഭപ്പാറ - പുന്നസിറ്റി-വലിയകണ്ടം റോഡ് വഴി രാജാക്കാട്ടിലേക്കു പോകണം.10 നു തീർഥാടനം ആരംഭിച്ചതിനുശേഷം രാജകുമാരി ഭാഗത്തേക്കു പോകേണ്ട എല്ലാ വാഹനങ്ങളും അടിവാരം-വാക്കാസിറ്റി-മാങ്ങാത്തൊട്ടി - ആവണക്കുംചാൽ വഴിയും ശാന്തമ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ അവണക്കുംചാലിൽനിന്നു വലത്തേക്കു തിരിഞ്ഞ് സേനാപതി വഴിയും പോകണം.
രാജകുമാരിയിൽനിന്നു രാജാക്കാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ ഇടതുവശം ചേർന്ന് ഒറ്റവരിയായി പോകണം.ചെമ്മണ്ണാർ കാന്തിപ്പാറ ഭാഗത്തുനിന്നും പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ രാജകുമാരി ഹരിത ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് പന്നിയാർ ജംഗ്ഷൻ വഴി പോകണം.10നു മുമ്പായി തീർഥാടകരുമായി രാജാക്കാട് വരുന്ന വലിയ വാഹനങ്ങൾ രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ടിലോ രാജകുമാരിയിലെ നിർദ്ദിഷ്ട പാർക്കിംഗ് ഗ്രൗണ്ടുകളിലോ പാർക്കു ചെയ്യണം.
തീർഥാടന റാലി ആരംഭിച്ചതിന് ശേഷമെത്തുന്ന വാഹനങ്ങൾ തീർഥാടക റാലിയുടെ പിന്നിലായി മാത്രം രാജകുമാരിക്ക് വരേണ്ടതാണ്. രാജാക്കാട്ടെത്തുന്ന വൈദികരുടെ വാഹനങ്ങൾ രാജാക്കാട് പാരീഷ് ഹാളിന് സമീപമുളള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. തീർഥാടകരെ രാജകുമാരിയിൽനിന്നു ബസിൽ തിരികെ രാജാക്കാട്ടെത്തിക്കുന്നതിന് 12 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തീർഥാടനത്തിനെത്തുന്ന വൈദികരുടെ വാഹനങ്ങൾ രാജകുമാരി പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.