സബ് ഇൻസ്പെക്ടർ സി.ആർ. സന്തോഷിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
1444911
Wednesday, August 14, 2024 11:18 PM IST
ഇടുക്കി: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ഇടുക്കി ഡിവൈഎസ്പി ഓഫീസിലെ സബ്ഇൻസ്പെക്ടർ സി.ആർ.സന്തോഷിന്. ജില്ലയിലെ നിരവധി കൊലപാതക കേസുകളടക്കം തെളിയിക്കുന്നതിന് നിർണായ പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹത്തിന് 2009-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2006-ൽ ബാഡ്ജ് ഓഫ് ഹോണറും 125-ഓളം ഗുഡ് സർവീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്.
പ്രമാദമായ മൂന്നാർ അനന്തരാമൻ കൊലക്കേസ്, അടിമാലിയിലെ ടാക്സിഡ്രൈവറുടെ കൊലപാതകം, അടിമാലിയിലെ രാജധാനി ലോഡ്ജിൽ മൂന്നുപേർകൊല്ലപ്പെട്ട കേസ്, കുഞ്ഞൻപിള്ള കൊലക്കേസ്, തമിഴ്നാട് ഇറച്ചിപ്പാലം വെള്ളച്ചാട്ടത്തിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്, കുരിശുപാറ ഗോപി കൊലക്കേസ്, പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി അടുപ്പിൽ കുഴിച്ചിട്ട കേസ്, മറയൂർ എടിഎം കവർച്ച തുടങ്ങി ഒട്ടനവധി കേസുകളിൽ അന്വേഷണ മികവ് തെളിയിക്കുകയും ഇതര സംസ്ഥാനക്കാരയ പ്രതികളെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുന്നതിനും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
അടിമാലി പോലീസ് സ്റ്റേഷനിൽ നിരവധി വർഷം സേവനമനുഷ്ടിച്ചിരുന്നു. ജനമൈത്രി പോലീസിന്റെ സേവന പ്രവർത്തനങ്ങളിലും കർമനിരതനായിരുന്നു ഇദ്ദേഹം. ഭാര്യ രജി. മക്കൾ: അർജുൻ(രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി), പാർത്ഥിവ് (പ്ലസ് വണ്‍ വിദ്യാർഥി).