ലീഗിന്റേത് കൊടിയ വഞ്ചന: സി.പി. മാത്യു
1444910
Wednesday, August 14, 2024 11:18 PM IST
തൊടുപുഴ: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നടത്തിയതതു കൊടിയ വഞ്ചനയാണെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്നുമാസമായി വിദേശത്തായിരുന്ന ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷൂക്കൂർ അവിടെവച്ചുണ്ടാക്കിയ ധാരണയനുസരിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുമറിച്ചത്. സാധാരണക്കാരനായ എം.എ. കരിമിനെ ചെയർമാനാക്കു ന്നത് ലീഗിലെ വരേണ്യക്കാരായവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.യുഡിഎഫിൽനിന്നു വിട്ടുനിൽക്കുമെന്ന ഭീഷണിയൊന്നും കോണ്‍ഗ്രസിനോടു വേണ്ടാ. സ്ഥിരമായി മാറിനിന്നാലും കോണ്‍ഗ്രസിന് കുഴപ്പമില്ല. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനും തയാറാണ്.
യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന നഗരസഭയിൽ ചെയർമാൻ സ്ഥാനം കേരളകോണ്‍ഗ്രസിന് ആദ്യത്തെ ഒരുവർഷവും പിന്നീടുവരുന്ന രണ്ടുവർഷം വീതം ലീഗിനും കോണ്‍ഗ്രസിനും എന്നതായിരുന്നു ധാരണ. എന്നാൽ ലീഗ് സ്വതന്ത്രയായിവിജയിച്ച ജെസി ജോണി എൽഡിഎഫിലേക്ക് ചേക്കേറിയതും ഭരണം നഷ്ടമായതും തങ്ങളുടെ കുഴപ്പംകൊണ്ടല്ല. അതിനാൽ തങ്ങൾക്ക് അവകാശപ്പെട്ട അവസാനത്തെ രണ്ടുവർഷത്തിൽ ഇനി 16 മാസം മാത്രമാണുള്ളത്.
ചർച്ചയുടെ അടിസ്ഥാനത്തിൽ ഇതിൽ എട്ടുമാസം ലീഗിന് നൽകാമെന്ന് ധാരണയായെങ്കിലും ആദ്യ ടേം അവർക്കു വേണമെന്ന് വാശിപിടിച്ചതാണ് പ്രശ്നത്തിന് പരിഹാരമില്ലാതാകാൻ കാരണം. ഒടുവിൽ സൗഹാർദ മത്സരമാണെന്നു പറഞ്ഞത് സിപിഎമ്മിന് വോട്ടുമറിക്കാനാണെന്ന് വ്യക്തമായത് പിന്നീടാണ്. ഇതു കൊടിയ വഞ്ചനയും ചതിയുമാണ്.
കോണ്‍ഗ്രസിനെ ഉമ്മാക്കികാണിച്ച് പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ തോമസ് മാത്യു കക്കുഴി, ഷിബിലി സാഹിബ്, ജോസ് അഗസ്റ്റിൻ, ചാർളി ആന്റണി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.