വയനാട്ടിലെ ദുരന്തബാധിതരായ വ്യാപാരികൾക്ക് സഹായവുമായി രാജാക്കാട് മർച്ചന്റ്സ് അസോ.
1444909
Wednesday, August 14, 2024 11:18 PM IST
രാജാക്കാട്:വയനാട് ദുരന്തബാധിതരായ വ്യാപാരികൾക്ക് കൈത്താങ്ങായി രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വ്യാപാരി അംഗങ്ങളിൽ നിന്ന് പിരിച്ച 800235 രൂപയുടെ ചെക്ക് യൂണിറ്റ് ഭാരവാഹികൾ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലിന് കൈമാറി. ജില്ലയിലെ വ്യാപാരി സംഘടനകളിൽ വച്ച് ഏറ്റവും കൂടിയ വിഹിതമാണ് രാജാക്കാട് യൂണിറ്റ് നൽകിയതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
സംഘടനയിൽപ്പെട്ട 381 അംഗങ്ങളിൽ നിന്നാണ് രൂപ സമാഹരിച്ചത്. ഒരു യുവ വ്യാപാരിയുടെ മകൾ വിവിധ ആവശ്യങ്ങൾക്കായി കുടുക്കയിൽ നിക്ഷേപിച്ചിരുന്ന ആയിരം രൂപയിൽ കൂടുതൽ തുക അവരുടെ അച്ഛനമ്മമാർപോലും പറയാതെ നൽകിയെന്നും ഭാരവാഹികൾ പറഞ്ഞു.
മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് വി.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ, ട്രഷറർ വി.സി. ജോൺസൺ, മേഖല പ്രസിഡന്റ് റോയി വർഗീസ്, സെക്രട്ടറി പി.ജെ. ജോൺസൺ,ജില്ലാ കോഒാഡിനേറ്റർ സിബി കൊച്ചുവള്ളാട്ട്,യൂത്ത് വിംഗ് പ്രസിഡന്റ് അബ്ദുൾ കലാം,വനിതാ വിംഗ് പ്രസിഡന്റ് ആശ ശശികുമാർ എന്നിവർ പ്രസംഗിച്ചു.