സ്വാതന്ത്ര്യദിനാഘോഷം: ഇടുക്കിയിൽ മന്ത്രി റോഷി അഭിവാദ്യം സ്വീകരിക്കും
1444907
Wednesday, August 14, 2024 11:18 PM IST
ഇടുക്കി: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വർണശബളമായ ചടങ്ങുകൾ നടക്കും. സ്കൂളുകൾ, ആരാധനാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ലൈബ്രറികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും.
ഇന്നുരാവിലെ 8.40ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പോലീസ്, എക്സൈസ്, വനം വകുപ്പ്, എൻഡിആർഎഫ് ,എക്സെസ്, എൻസിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്, സ്കൗട്ട്സ്, ഗൈഡ്സ് തുടങ്ങി 20 പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾ ദേശീയഗാനവും പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ ദേശഭക്തി ഗാനവും ആലപിക്കും. എംആർഎസ് പൈനാവ്, എസ്എൻ എച്ച്എസ്എസ്നങ്കി സിറ്റി എന്നിവർ ബാൻഡ് അവതരിപ്പിക്കും.
പഴയരിക്കണ്ടം ഹൈസ്കൂളിലെ കുട്ടികളുടെ തായന്പകയും തേക്കടി ആരണ്യം ട്രൈബൽ ആർട്സ് ഗ്രൂപ്പിന്റെ സാംസ്കാരിക പരിപാടിയും അരങ്ങേറും.പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ സർക്കാർ നിരോധിച്ചിട്ടുണ്ട്. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കും.
സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.