ഓണ്‍ലൈൻ തട്ടിപ്പിൽ തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് ഒന്നേകാൽ കോടി
1444905
Wednesday, August 14, 2024 11:17 PM IST
ഇടുക്കി: ജില്ലയിൽ ഓണ്‍ലൈൻ തട്ടിപ്പ് കേസുകൾ വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്. കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശിക്ക് ഒന്നേകാൽ കോടി നഷ്ടമായി. ഇദ്ദേഹത്തെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓണ്‍ലൈൻ ട്രേഡിംഗ് മുഖേനെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് ഓഹരി ബിസിനസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു.തുടർന്നു നടന്ന ഇടപാടുകളിൽ ചെറിയ ലാഭം നൽകി വിശ്വാസം നേടിയെടിത്തായിരുന്നു തട്ടിപ്പ്. പിന്നീട് വലിയ തുക നിക്ഷേപിക്കുന്നതിനു പ്രതികൾ പ്രേരിപ്പിക്കുകയും 1.23 കോടി ഇപ്രകാരം തട്ടിയെടുക്കുകയുമായിരുന്നു.
2024ൽ മാത്രം ഇതുവരെ 7,50,50,779 രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പാണ് ജില്ലയിൽ നടന്നത്. 63 തട്ടിപ്പുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ വർഷം 52 ഓണ്‍ലൈൻ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.സെബിയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പേരിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്.
ഓണ്‍ലൈനായി സാന്പത്തിക ഇടപാടുകൾ നടത്തുന്ന അവസരത്തിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. കണ്‍സൾട്ടൻസികളെ കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. വാട്സ്ആപ്പിലും ഇ-മെയിലിലും ലഭിക്കുന്ന പ്രലോഭനകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതുമൂലം അപകടകരമായ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാളാകും. ഇതിലൂടെ ഉപയോക്താവിനു ലഭിക്കുന്ന ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. ഇതിനെതിരേ പൊതുജനം ജാഗ്രതപുലർത്തണം.
ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) വിവരം 1930ൽ അറിയിക്കണം. എത്രയും വേഗം റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.