ഇടുക്കി രൂപത മരിയൻ തീർഥാടനം സെപ്റ്റംബർ ഏഴിന്
1444903
Wednesday, August 14, 2024 11:17 PM IST
കരിമ്പൻ: ഇടുക്കി രൂപത നാലാമത് മരിയൻ തീർഥാടനം സെപ്റ്റംബർ ഏഴിനു നടക്കും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികൾ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാതാ തീർഥാടന ദൈവാലയത്തിലേക്ക് കാൽനടയായാണ് തീർഥാടനം. തീർഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനായോഗം രാജാക്കാട് ക്രിസ്തുരാജ പാരീഷ് ഹാളിൽ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
തീർഥാടനം വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഊർജമാണെന്ന് ബിഷപ് പറഞ്ഞു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങൾ തീർഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂർവം യാത്ര ചെയ്യുമ്പോൾ ദൈവാനുഗ്രഹം സമൃദ്ധമായി ലഭ്യമാകും. ത്യാഗപൂർണമായ ആത്മീയ അനുഷ്ഠാനങ്ങളാണ് വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോന ദൈവാലയത്തിൽനിന്നു സെപ്റ്റംബർ ആറിന് വൈകുന്നേരം മൂന്നിന് മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കാൽനട തീർഥാടനം ആരംഭിക്കും. അടിമാലി, കൂമ്പൻപാറ, തോക്കുപാറ, ആനച്ചാൽ, കുഞ്ചിത്തണ്ണി, എല്ലക്കൽ വഴി തീർഥാടനം രാജാക്കാട് പള്ളിയിൽ എത്തിച്ചേരും.
തീർഥാടനത്തിന്റെ ക്രമീകരണത്തിനായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, രാജാക്കാട് ഫൊറോനാ വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികൾ പ്രവർത്തിക്കുന്നത്.
ഫാ. ജയിംസ് ശൗര്യാംകുഴിയിൽ,ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ.ജോൺ മുണ്ടയ്ക്കാട്ട്, സിസ്റ്റർ ആനി പോൾ സി എം സി, സിസ്റ്റർ ലിറ്റി ഉപ്പുമാക്കൽ എസ് എ ബി എസ്, വിവിധ സംഘടനകളുടെ നേതാക്കളായ ജോർജ് കോയിക്കൽ, ജെറിൻ ജെ. പട്ടാംകുളം, സിജോ ഇലന്തൂർ, ബിജു പെരിയപിള്ളിൽ, ആഗസ്തി കരോട്ടേൽ, ജയ്സൺ ഒറ്റപ്ലാക്കൽ, മനോജ് ഇല്ലിക്കുന്നേൽ, ബിനോയി കൂനമ്മാക്കൽ, ജോണി റാത്തപ്പിള്ളിൽ, ജോസ് ഇടവഴിക്കൽ, ജോസ് കൈമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.